Image

സ്‌ടോക്ക്‌ ഓണ്‍ ട്രെന്റില്‍ യുക്‌മ നാഷണല്‍ കലാമേള നവംബര്‍ 24 ന്‌

Published on 15 October, 2012
സ്‌ടോക്ക്‌ ഓണ്‍ ട്രെന്റില്‍ യുക്‌മ നാഷണല്‍ കലാമേള നവംബര്‍ 24 ന്‌
സ്റ്റോക്ക്‌ഓണ്‍ട്രന്റ്‌: ജന്മനാടിന്റെ മഹത്തായ കലാപാരമ്പര്യം പ്രവാസി മലയാളികള്‍ക്ക്‌ നഷ്ടമാകാതിരിക്കാനും വരും തലമുറയില്‍ അത്‌ വളര്‍ത്തി എടുക്കുന്നതിനും വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ യുക്‌മയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു വരുന്ന `യുക്‌മ ദേശീയ കലാമേള 2012' നവംബര്‍ 24 ന്‌ (ശനി) സ്‌റ്റോക്ക്‌ഓണ്‍ ട്രെന്‍ഡില്‍ തിലകന്‍ നഗറില്‍ നടക്കും.

അഡ്വ. ഫ്രാന്‍സീസ്‌ മാത്യു കവളക്കാട്ടില്‍ ജനറല്‍ കണ്‍വീനര്‍ ആയും ഉമ്മന്‍ ഐസക്‌ കോ-ഓര്‍ഡിനേറ്റര്‍ ആയും ഒരു കമ്മിറ്റിയായിരിക്കും നാഷണല്‍ കലാ മേള യുടെ ആവിഷ്‌കരണത്തിന്‌ നേതൃത്വം കൊടുക്കുന്നത്‌.

കേരളത്തിന്‍റെ സാംസ്‌കാരിക ചരിത്രത്തില്‍ തന്റെ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച്‌ കാലയവനികക്കുള്ളില്‍ മറഞ്ഞ മലയാളത്തിന്‍റെ അനശ്വര കലാകാരന്‍ തിലകന്റെ പേരില്‍ നാമകരണം ചെയ്യപ്പെട്ടിട്ടുള്ള കലോത്സവ നഗരിയില്‍ (തിലകന്‍ നഗര്‍) യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള കലാകാരന്മാരും കലാകാരികളും വിവിധ ഭാരതീയ കലകളില്‍ മാറ്റുരക്കുമ്പോള്‍ പ്രേക്ഷകനെ ആസ്വാദന നിലവാരത്തിന്റെ അനന്ത സാഗരങ്ങളില്‍ ആറാടിക്കുന്ന ഒരു മഹത്തായ കലാ വിരുന്നിനായിരിക്കും നാം സാക്ഷ്യം വഹിക്കുക

വന്‍ സമ്മാനത്തുകകളും താരപദവികളും വാഗ്‌ദാനം ചെയ്‌തു നടത്തപ്പെടുന്ന അന്താരാഷ്ട്ര മത്സരങ്ങളും റിയാലിറ്റി ഷോകളും കണ്‌ടു ശീലിച്ച മലയാളിക്ക്‌ മുന്നില്‍ അമേച്വര്‍ കലാമേളകളുടെ അന്തസത്തയും സൗന്ദര്യവും ഒട്ടും നഷ്ടമാകാതെ അഞ്ചു വിഭാഗങ്ങളിലായി 41 ഇനങ്ങളില്‍ ഏകദേശം 520 ല്‍ പരം മത്സരാര്‍ഥികള്‍ക്ക്‌ വേദിയും അനുബന്ധ സൗകര്യങ്ങളും ഒരുക്കുക എന്ന വര്‍ധിച്ച വെല്ലുവിളിയാണ്‌ യുക്‌മക്ക്‌ നേരിടാനുള്ളത്‌. ഈ വെല്ലുവിളി സഹര്‍ഷം ഏറ്റെടുത്തിരിക്കുന്ന യുക്‌മ മിഡ്‌ലാന്‍ഡ്‌സ്‌ റീജിയണ്‍ യുക്‌മ പ്രസിഡന്റ്‌ വിജി കെ പിയുടെ അസോസിയേഷനായ, റൈനോ തോമസ്‌ പ്രസിഡന്റായുള്ള സ്‌ട്രാഫോര്‍ഡ്‌ഷെയര്‍ മലയാളി അസോസിയേഷനെയാണ്‌ യുക്‌മ നാഷണല്‍ കലാമേളയുടെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്‌.

കലാമേളയുടെ സംഘാടനം കുറ്റമറ്റതാക്കുന്നതിനും വിധി നിര്‍ണയം വസ്‌തു നിഷ്‌ഠമാക്കുന്നതിനും വിവിധ വിഭാഗങ്ങളുടെ പ്രായപരിധി, ഓരോ വിഭാഗത്തിലെയും മത്സര ഇനങ്ങള്‍, മയപരിധി, വിധി നിര്‍ണയത്തിനുള്ള മാനദണ്ഡങ്ങള്‍, മാര്‍ക്കുകള്‍ നല്‍കുന്നതിന്റെ അടിസ്ഥാനം, കലപ്രതിഭയെയും കലതിലകത്തെയും കണക്കാക്കുന്ന രീതി മുതലായ എല്ലാ കാര്യങ്ങളുടെയും വിശദ വിവരങ്ങള്‍ യുക്‌മയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌. റീജിയണല്‍ കലാമേളയില്‍ ഒന്നാം സ്ഥാനം നേടുന്ന ഗ്രൂപ്പിന പരിപാടികള്‍ക്കും ഒന്നും രണ്‌ടും സ്ഥാനം നേടുന്ന വ്യക്തിഗത പരിപാടികള്‍ക്കും മാത്രമേ നാഷണല്‍ കലാമേളയില്‍ അവസരം ലഭ്യമാകുകയുള്ളൂ. റീജിയണല്‍ കലാമേളയിലെ അര്‍ഹത നേടിയവരുടെ പേരുവിവരങ്ങള്‍ നാഷണല്‍ കലാമേള കമ്മിറ്റിക്ക്‌ എത്രയും വേഗം ഓരോ റീജിയണും അയച്ചു തരേണ്‌ടതാണ്‌.

കലാമേളയെ സംബന്ധിച്ച കൂടുതല്‍ വിവിരങ്ങള്‍ക്ക്‌ യുക്‌മ സാംസ്‌കാരിക വേദിയെ uukmacf@gmail.com എന്ന വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്‌.
സ്‌ടോക്ക്‌ ഓണ്‍ ട്രെന്റില്‍ യുക്‌മ നാഷണല്‍ കലാമേള നവംബര്‍ 24 ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക