Image

കള്ള് നിരോധത്തോട് യോജിപ്പില്ലെന്ന് ഉമ്മന്‍ചാണ്ടി; പുതിയ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കില്ല: മന്ത്രി ബാബു

Published on 03 October, 2012
കള്ള് നിരോധത്തോട് യോജിപ്പില്ലെന്ന് ഉമ്മന്‍ചാണ്ടി; പുതിയ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കില്ല: മന്ത്രി ബാബു
തിരുവനന്തപുരം: കള്ള് നിരോധിക്കണമെന്ന് പറയുന്നതിനോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എന്നാല്‍, സമ്പൂര്‍ണ മദ്യനിരോധം നയമായി പറഞ്ഞാല്‍ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം അദ്ദേഹം പറഞ്ഞു. കള്ളുവ്യവസായം അതുമായി ബന്ധപ്പെട്ട തൊഴിലാളി കുടുംബങ്ങളുടെ ജീവിതമാണ്. എന്നാല്‍,കൃത്രിമ കള്ള് വില്‍ക്കുന്നത് തടയും. സമ്പൂര്‍ണ മദ്യനിരോധം നയമായിപറയാമെങ്കിലും പ്രാവര്‍ത്തികമാക്കാന്‍ കഴിയുമോയെന്ന് അദ്ദേഹം ചോദിച്ചു. ഘട്ടംഘട്ടമായി മദ്യത്തിന്റെ ലഭ്യത ഇല്ലാതാക്കുകയാണ് യു.ഡി.എഫ് നയം. ബിവറേജസ് കോര്‍പറേഷന്റെ പുതിയ മദ്യശാലകള്‍ തുറക്കില്ല. എവിടെയെങ്കിലും തുറക്കേണ്ടിവന്നാല്‍ മറ്റൊരിടത്ത് ഒരെണ്ണം പൂട്ടും- അദ്ദേഹം പറഞ്ഞു.

അതേസമയം, ഈ സര്‍ക്കാറിന്റെ കാലത്ത് ബിവറേജസ് കോര്‍പറേഷന്‍ പുതിയ ഔട്ട്‌ലെറ്റുകള്‍ തുറക്കില്ലെന്ന് മന്ത്രി കെ. ബാബു വ്യക്തമാക്കി. എക്‌സൈസ് വകുപ്പിന്റെ ഗാന്ധിജയന്തി വാരാഘോഷവും ലഹരി ക്കെതിരായ ബോധവത്കരണവാരവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ സര്‍ക്കാര്‍ വന്നശേഷം ഒരു ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പോലും ആരംഭിച്ചിട്ടില്ല. കഴിഞ്ഞ സര്‍ക്കാര്‍ 12 ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും യു.ഡി.എഫ് സര്‍ക്കാര്‍ ആ തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. മദ്യനിരോധം പ്രായോഗികമല്ലെന്നും മന്ത്രി പറഞ്ഞു. മദ്യവിനിയോഗം നിയന്ത്രിക്കുന്നതിലൂടെ ഉപഭോഗം കുറക്കാനാണ് ശ്രമം. നിരോധത്തിലൂടെ മദ്യ ഉപഭോഗം നിയന്ത്രിക്കാന്‍ കഴിയില്ല എന്നത് മുന്‍കാലങ്ങളില്‍ തെളിഞ്ഞതാണ്. കള്ളുഷാപ്പുകളും മദ്യശാലകളും പൂട്ടിയാല്‍ മദ്യത്തിന്റെ ഉപയോഗം ഇല്ലാതാകുമെന്നാണ് ചിലര്‍ ധരിക്കുന്നത്. 36 കോടിയാണ് കള്ളുവില്‍പനയിലൂടെ അഞ്ച് വര്‍ഷത്തിനിടെ സര്‍ക്കാറിന് ലഭിച്ചിരുന്നത്. എന്നാല്‍ ഇന്നത് 20 കോടിയായി കുറഞ്ഞെന്നും മന്ത്രി പറഞ്ഞു.

മദ്യശാലകള്‍ അനുവദിക്കുന്നതിനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സ് ഉടന്‍ പുറത്തിറക്കും. ഡീഅഡിക്ഷന്‍ സെന്ററുകള്‍ക്ക് ധനസഹായം നല്‍കുന്ന കാര്യം ബിവറേജസ് കോര്‍പറേഷന്റെ അടുത്ത ബോര്‍ഡ് യോഗം തീരുമാനിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക