Image

കസബിനെതിരെ കേസ് നടത്തിയ തുക കൊല്ലപ്പെട്ട പൊലീസുകാരുടെ കുടുംബങ്ങള്‍ക്ക്

Published on 03 October, 2012
കസബിനെതിരെ കേസ് നടത്തിയ തുക കൊല്ലപ്പെട്ട പൊലീസുകാരുടെ കുടുംബങ്ങള്‍ക്ക്
ന്യൂദല്‍ഹി: അജ്മല്‍ കസബിനെതിരായ കേസ് നടത്താന്‍ അഭിഭാഷകര്‍ക്കു നല്‍കേണ്ട തുക 26/11 ലെ മുംബൈ ആക്രമണത്തില്‍ കൊല്ലപ്പെട്ട 18 പൊലീസുകാരുടെ കുടുംബങ്ങള്‍ക്കു നല്‍കാന്‍ സുപ്രീംകോടതി വിധി. 14.5 ലക്ഷം രൂപയാണ് കസബിനെതിരെ കേസ് നടത്താന്‍ സര്‍ക്കാറിനു ചെലവായത്.

നേരത്തെ, കേസില്‍ കസബിനെതിരെ വാദിച്ച പ്രമുഖ അഭിഭാഷകരായ രാജു രാമചന്ദ്രന് 11 ലക്ഷം രൂപയും ഗൗരവ് അഗര്‍വാളിന് 3.5 ലക്ഷം രൂപയും നല്‍കാന്‍ മഹാരാഷ്ട്ര സര്‍ക്കാറിനോട് കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ രണ്ടു അഭിഭാഷകരും പ്രതിഫലം നിരസിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് തുക മരണപ്പെട്ട പൊലീസുദ്യോഗസ്ഥരുടെ കുടുംബങ്ങള്‍ക്കു നല്‍കാന്‍ നിര്‍ദേശമുണ്ടായത്.

സുപ്രീംകോടതിയുടെ തീരുമാനം സ്വാഗതാര്‍ഹമാണെന്നും എന്നാല്‍ താന്‍ ആ പണം കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുമെന്നും കാമാ ആശുപത്രിയില്‍ ഉണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട വിജയ് സലസ്‌കര്‍ എന്ന പൊലീസുദ്യോഗസ്ഥന്റെ വിധവ സ്മിത സലസ്‌കര്‍ പറഞ്ഞു.

166 പേരാണ് 26/11ലെ മുംബൈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയ പത്തു ഭീകരന്മാരില്‍ അജ്മല്‍ കസബിനെ മാത്രമാണ് ജീവനോടെ പിടികൂടാനായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക