Image

വള്ളത്തോള്‍ പുരസ്‌കാരം യൂസഫലി കേച്ചേരിക്ക്

Published on 03 October, 2012
വള്ളത്തോള്‍ പുരസ്‌കാരം യൂസഫലി കേച്ചേരിക്ക്
തിരുവനന്തപുരം: ഈവര്‍ഷത്തെ വള്ളത്തോള്‍ പുരസ്‌കാരത്തിന് കവി യൂസഫലി കേച്ചേരി അര്‍ഹനായി. 1,11,111 രൂപയും പ്രശസ്തിപത്രവും ഉള്‍പ്പെട്ടതാണ് പുരസ്‌കാരം. വള്ളത്തോള്‍ സാഹിത്യസമിതി അന്തരിച്ച പ്രശസ്ത കവി വള്ളത്തോളിന്റെ പേരില്‍ ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം. യൂസഫലി കേച്ചേരിയുടെ കവിതകള്‍ മലയാള സാഹിത്യത്തിന് ലഭിച്ച അമൂല്യ സമ്പത്താണെന്ന് പുരസ്‌കാര നിര്‍ണയ സമിതി വിലയിരുത്തി.

കവിയും ഗാന രചയിതാവുമായ യൂസഫലി കേച്ചേരി 1962 ല്‍ മൂടുപടം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര ഗാനരചനയിലേക്ക് കടന്നുവരുന്നത്. മഴ എന്ന ചിത്രത്തിലെ ഗാനത്തിന് 2000 ല്‍ ദേശീയ അവാര്‍ഡ് ലഭിച്ചു. കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, കവന കൗതുകം അവാര്‍ഡ്, ചങ്ങമ്പുഴ അവാര്‍ഡ്, നാലപ്പാട് അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. കേരള സാഹിത്യ അക്കാഡമി അധ്യക്ഷനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

സൈനബ, ആയിരം നാവുള്ള മൗനം, അഞ്ചു കന്യകകള്‍, നാദബ്രഹ്മം, അമൃത്, കേച്ചേരിപ്പുഴ, ആലില, കഥയെ പ്രേമിച്ച കവിത, പേരറിയാത്ത നൊമ്പരം തുടങ്ങിയവയാണ് പ്രധാന കൃതികള്‍. നീലത്താമര (1979), വനദേവത, മരം എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക