Image

മാര്‍ച്ചില്‍ ലോക്‌സഭാ ഇടക്കാല തിരഞ്ഞെടുപ്പുണ്ടായേക്കും: സുബ്രഹ്മണ്യം സ്വാമി

Published on 03 October, 2012
മാര്‍ച്ചില്‍ ലോക്‌സഭാ ഇടക്കാല തിരഞ്ഞെടുപ്പുണ്ടായേക്കും: സുബ്രഹ്മണ്യം സ്വാമി
കോയന്പത്തൂര്‍: ലോക്‌സഭാ ഇടക്കാല തിരഞ്ഞെടുപ്പ് 2013 ഫെബ്രുവരി മാര്‍ച്ച് മാസത്തോടെ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ജനതാ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ സുബ്രഹ്മണ്യം സ്വാമി. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പരാജയം സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജനതാ പാര്‍ട്ടിയുടെ തമിഴ്‌നാട് ഘടകത്തിന്റെ പൊതുയോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലുള്ള സാഹചര്യങ്ങള്‍ കണക്കിലെടുക്കുന്‌പോള്‍ വരുന്ന ഫെബ്രുവരിയിലോ മാര്‍ച്ചിലോ ലോക്‌സഭയിലേയ്ക്ക് ഇടക്കാല തിരഞ്ഞെടുപ്പുണ്ടാകാനാണ് സാധ്യതയെന്ന് സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.

വര്‍ദ്ധിച്ചുവരുന്ന അഴിമതിയും ബാഹ്യവും ആഭ്യന്തരവുമായ തീവ്രവാദവും തിരഞ്ഞെടുപ്പില്‍ ജനതാ പാര്‍ട്ടി മുഖ്യ പ്രചാരണ വിഷയങ്ങളാക്കുമെന്ന് അദ്ദേഹം പറഞ്ഞു. മൂന്നാംമുന്നണിയ്ക്ക് നിലവിലെ സാഹചര്യത്തില്‍ പ്രസക്തിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ വിദേശ യാത്രകള്‍ക്കായി പൊതുഖജനാവില്‍ നിന്നും 1880 കോടി രൂപ ചെലവിട്ടുവെന്ന ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ ആരോപണം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം നല്‍കേണ്ടതുണ്ടെന്നും സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക