Image

മലയാളം: മാതൃകാ മാതാവിന്‍റെ മനപ്രയാസങ്ങള്‍

ബെര്‍ലി തോമസ്‌; http://berlytharangal.com/ Published on 03 October, 2012
മലയാളം:  മാതൃകാ മാതാവിന്‍റെ മനപ്രയാസങ്ങള്‍

പ്രിയപ്പെട്ട മനശാസ്ത്രജ്ഞന്,

എന്‍റെ പ്രശ്നത്തിന് നിങ്ങള്‍ക്കാണോ കത്തെഴുതേണ്ടത് എന്നെനിക്കറിയില്ല. കേരളത്തിലെ ഒരു വലിയ സാമൂഹികപ്രശ്നത്തിലേക്ക് അധികൃതരുടെ ശ്രദ്ധ തിരിക്കുന്നതിനു വേണ്ടി കൂടിയാണ് എന്‍റെ അനുഭവം വളരെ വിശദമായി ഞാനെഴുതുന്നത്. കേരളത്തിലെ ആയിരക്കണക്കിനായ അമ്മമാര്‍ നേരിടുന്ന പ്രതിസന്ധികള്‍ ലോകത്തെ അറിയിക്കുന്നതിനുള്ള ശ്രമം കൂടിയായി ഇതിനെ കാണണം. സര്‍ക്കാരിനും കോടതിക്കും ഈ കത്തിന്‍റെ ഓരോ പകര്‍പ്പുകള്‍ ഞാനയക്കുന്നുണ്ട്. അടിയന്തിരമായി ഈ പ്രശ്നത്തില്‍ ഇടപെട്ട് ഇതിനൊരു പരിഹാരമുണ്ടാക്കാന്‍ അധികൃതര്‍ തയ്യാറാകുമെന്നാണ് എന്‍റെ പ്രതീക്ഷ.

എനിക്ക് രണ്ടു മക്കളാണുള്ളത്. രണ്ടു പേരും സിറ്റിയിലെ നമ്പര്‍ വണ്‍ ഇംഗ്ലിഷ് മീഡിയം സ്കൂളിലാണ് പഠിക്കുന്നത്. മൂത്ത മകള്‍ പത്താം ക്ലാസിലും ഇളയ മകന്‍ മൂന്നാം ക്ലാസിലുമാണ്. കുട്ടികളുടെ നല്ല ഭാവിക്കു വേണ്ടി ചെറുപ്പം മുതല്‍ക്കേ അവരെ ഇംഗ്ലിഷ് മാത്രമേ പഠിപ്പിച്ചിട്ടുള്ളൂ. വീട്ടിലും ഞങ്ങള്‍ ഇംഗ്ലിഷ് മാത്രമേ സംസാരിക്കാറുള്ളൂ. മക്കളെ മലയാള അക്ഷരങ്ങള്‍ എഴുതാനോ വായിക്കാനോ പഠിപ്പിച്ചിട്ടില്ല എന്ന് അഭിമാനപൂര്‍വം ഞാന്‍ പറയട്ടെ. പല അമ്മമാരും മക്കളെ മലയാളം പഠിപ്പിച്ച ശേഷം പിന്നീട് അവര്‍ മലയാളം സംസാരിക്കുന്നത് നിര്‍ത്താന്‍ വേണ്ടി പാടുപെടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അങ്ങനൊരവസ്ഥ ഉണ്ടാവരുത് എന്നു നിര്‍ബന്ധമുള്ളതുകൊണ്ടു കൂടിയാണ് വീട്ടില്‍ മലയാളം സംസാരിക്കുക പോലും ചെയ്യാതെ ഞാന്‍ മക്കളെ വളര്‍ത്തിയത്.

കുഞ്ഞുങ്ങള്‍ ജനിച്ചനാള്‍ മുതലേ വീട്ടില്‍ എല്ലാം ഇംഗ്ലിഷാണ്. എന്‍റെ ഭര്‍ത്താവ് ഒരു മലയാളം അധ്യാപകനാണ്. അദ്ദേഹത്തിന്‍റെ പുസ്തകങ്ങളും സ്കൂളില്‍ നിന്നുള്ള നോട്ടുബുക്കുകളുമൊന്നും വീട്ടില്‍ കയറ്റാന്‍ ഞാന്‍ അനുവദിക്കാറില്ല.അദ്ദേഹത്തിന് ഫ്ലുവന്‍റ് ആയി ഇംഗ്ലിഷ് സംസാരിക്കാന്‍ അറിയാത്തതുകൊണ്ട് വീട്ടില്‍ അദ്ദേഹത്തെ ഞാന്‍ സംസാരിക്കാന്‍ അനുവദിക്കാറുമില്ല. മലയാളം മാതൃഭാഷയാണ് എന്നൊക്കെയുള്ള മുടന്തന്‍ ന്യായങ്ങള്‍ അദ്ദേഹം ആദ്യകാലങ്ങളില്‍ പറയുമായിരുന്നെങ്കിലും വീട്ടില്‍ മലയാളം പറയുന്നതിന് ഞാന്‍ 500 രൂപ ഫൈന്‍ ഏര്‍പ്പെടുത്തിയതോടെ ഒതുങ്ങി.അന്ന് ഇഷ്ടം കൂടുമ്പോള്‍ പുളളിക്കാരന്‍ എന്നെ മോളേ, പൊന്നേ എന്നൊക്കെ വിളിക്കുമായിരുന്നു. ഡാര്‍ലിങ് അല്ലെങ്കില്‍ ഹണി എന്നെ വിളിക്കാവൂ എന്ന നിയമമുണ്ടാക്കി അതും ഞാന്‍ നേരെയാക്കി. എന്നാല്‍ ആ സമയത്ത് സ്കൂളില്‍ ഹണി എന്ന പേരുള്ള ഒരു ടീച്ചര്‍ പുതിയതായി വന്നു എന്നറിഞ്ഞപ്പോള്‍ അതും ഞാന്‍ നിര്‍ത്തിച്ചു.

എന്‍റെ പ്രശ്നത്തിലേക്കു വരും മുമ്പ് ഇതൊക്കെ പറയുന്നത് എന്തിനാണെന്നു വച്ചാല്‍, എത്രത്തോളം മുന്‍കരുതലും ശ്രദ്ധയും ഉണ്ടായിട്ടും എനിക്കിങ്ങനെയൊരു പ്രശ്നം ഉണ്ടായി എന്നത് മനസ്സിലാക്കിത്തരാനാണ്. അയല്‍ക്കാര്‍ മലയാളം പറയുന്നത് കേട്ടു പഠിച്ച് കുട്ടികള്‍ ചീത്തയാവുമോ എന്ന പേടികാരണം ഞങ്ങള്‍ ആംഗ്ലോ ഇന്ത്യന്‍സ് താമസിക്കുന്ന ഒരു തെരുവിലാണ് താമസം. വീട്ടില്‍ മലയാള പത്രങ്ങളോ വാരികകളോ ഒന്നുമില്ല. മൂത്തമകള്‍ നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരിക്കല്‍ ഒരു ബാലരമയുമായി വീട്ടില്‍ വന്ന് അതിലെ കഥകള്‍ വായിച്ചുകൊടുക്കണമെന്നു പറഞ്ഞു. അന്നു ഞാന്‍ ശരിക്കും തകര്‍ന്നുപോയി. ഞാനവളെ പൊതിരെ തല്ലി. ലുട്ടാപ്പിയെ അവള്‍ക്ക് മറക്കാന്‍ കഴിയില്ലെന്നു പറഞ്ഞു കരഞ്ഞപ്പോള്‍ ആത്മഹത്യ ചെയ്താലോ എന്നു പോലും ആലോചിച്ചതാണ്. പിറ്റേന്ന് സ്കൂളില്‍ പോയി ബാലരമ എന്‍റെ മകള്‍ക്ക് കൊടുത്ത കുട്ടിയെ സ്കൂളില്‍ നിന്നു പുറത്താക്കിച്ചിട്ടേ ഞാനടങ്ങിയുള്ളൂ.അങ്ങനെ വളര്‍ത്തിയതാണ് ഞാനെന്‍റെ മക്കളെ.

സ്കൂളിലും ക്ലബിലും ബന്ധുവീടുകളിലുമൊക്കെ പോകുമ്പോള്‍ ആളുകള്‍ എന്‍റെ മക്കളെ നോക്കി ആ കുട്ടികള്‍ക്ക് മലയാളം അറിയില്ല എന്നു പറഞ്ഞു കേള്‍ക്കുമ്പോള്‍ വല്ലാത്ത അഭിമാനം എനിക്കു തോന്നിയിട്ടുണ്ട്.ഒരിക്കല്‍ സ്കൂളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയതിന്‍റെ അവാര്‍ഡ് നല്‍കാന്‍ വന്ന മന്ത്രി എന്‍റെ മക്കളോട് വിശേഷം ചോദിച്ച് വിയര്‍ത്തുപോയത് എനിക്കിന്നും മറക്കാന്‍ കഴിയില്ല. പ്രിന്‍സിപ്പാള്‍ വന്ന് മക്കള്‍ പറഞ്ഞത് മന്ത്രിക്കും മന്ത്രി പറഞ്ഞത് മക്കള്‍ക്കും ട്രാന്‍സ്‍ലേറ്റ് ചെയ്തു കൊടുത്തിട്ടാണ് പ്രശ്നം പരിഹരിച്ചത്. മക്കളെ മലയാളം കാണിക്കുകയോ കേള്‍പ്പിക്കുകയോ ചെയ്യാതെ വളര്‍ത്തുന്നതെങ്ങനെ എന്ന വിഷയത്തില്‍ ക്ലബുകളിലും വിമന്‍സ് ഫോറങ്ങളിലും ഞാന്‍ ക്ലാസുകളും എടുക്കാറുണ്ട്.

ഇപ്പോള്‍ എന്നെ തകര്‍ത്തു കളഞ്ഞിരിക്കുന്നത് പത്തു വര്‍ഷം കൂടി അമേരിക്കയില്‍ നിന്നു വന്ന എന്‍റെ ആങ്ങളയുടെ മക്കളാണ്. അവര്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം അമേരിക്കയിലാണ്. ആദ്യമായി നാട്ടിലേക്കു വരുന്ന അവരോട് ഒരു മാസത്തെ അവധിക്കാലത്ത് എന്‍റെ വീട്ടില്‍ നില്‍ക്കാമെന്നു പറഞ്ഞപ്പോള്‍ എന്‍റെ മനസ്സില്‍ ഒരുപാട് പ്രതീക്ഷകളായിരുന്നു. എന്‍റെ മക്കളുടെ പ്രൊനന്‍സ്യേഷന്‍ യുഎസ് ഇംഗ്ലിഷ് ആണ്. ആങ്ങളയുടെ മക്കള്‍ യുഎസില്‍ ജനിച്ചു വളര്‍ന്ന കുട്ടികളാവുമ്പോള്‍ അവരുടേതും യുഎസ് ഇംഗ്ലിഷ് ആയിരിക്കുമെന്നു ഞാന്‍ പ്രതീക്ഷിച്ചു. എന്നാല്‍ കാര്യങ്ങള്‍ ഞാന്‍ പ്രതീക്ഷിച്ചതുപോലെയല്ല സംഭവിച്ചത്.

ആങ്ങളയുടെ മക്കള്‍ വന്നു കയറിയതും എന്‍റെ കയ്യില്‍ തൂങ്ങി തനി പാലാ ഭാഷയില്‍ ‘അമ്മായീ’ എന്നു വിളിച്ചപ്പോള്‍ എന്‍റെ ജീവന്‍ നിന്നുപോയി. കേരളത്തില്‍ ഒരിക്കല്‍പ്പോലും വന്നിട്ടില്ലാത്ത ആ കുട്ടികള്‍ മലയാളം പറയുമെന്ന് ഞാന്‍ സ്വപ്നത്തില്‍പ്പോലും വിചാരിച്ചില്ല. മക്കളെ ചെറുപ്പം മുതലേ മലയാളം പഠിപ്പിച്ചാണ് വളര്‍ത്തിയതെന്നും വീട്ടില്‍ എല്ലാവരും മലയാളമാണ് പറയുന്നതെന്നുമൊക്കെ അങ്ങള പറഞ്ഞപ്പോള്‍ എന്‍റെ ബാക്കി ജീവനും കൂടി പോയി. മക്കളെ എന്‍റെ വീട്ടില്‍ നിര്‍ത്തിയിട്ട് ആങ്ങളയും ഭാര്യയും ആയുര്‍വേദ റിസോര്‍ട്ടില്‍ തിരുമ്മും ഉഴിച്ചിലുമൊക്കെ നടത്തുകയാണ്.

എന്‍റെ പ്രശ്നം, ആങ്ങളയുടെ മക്കള്‍ ഏതാനും ദിവസങ്ങള്‍ കൊണ്ടു തന്നെ എന്‍റെ മക്കളെ ചീത്തയാക്കിക്കഴിഞ്ഞു എന്നതാണ്. അവര്‍ എപ്പോഴും മലയാളം പറയുന്നു. മലയാളം അറിയില്ല എന്നു പറഞ്ഞ് എന്‍റെ മക്കളെ കളിയാക്കുകയും ചെയ്യുന്നു. ഇംഗ്ലിഷ് അറിയില്ല എന്നു പറഞ്ഞല്ലേ നമ്മള്‍ മലയാളികളെ കളിയാക്കാറുള്ളത് ? എന്നിട്ട് ഇംഗ്ലിഷ് വെള്ളം പോലെ പറയുന്ന എന്‍റെ മക്കളെ അമേരിക്കയില്‍ നിന്നു വന്ന ആങ്ങളയുടെ മക്കള്‍ മലയാളം തന്നെ പറഞ്ഞ് പരിഹസിക്കുന്നു. പോരെങ്കില്‍ അവരുടെ ഐപാഡില്‍ ലോഡ് ചെയ്തിരിക്കുന്ന മലയാളം ആനിമേഷനുകളും സിനിമകളുമൊക്കെ എന്‍റെ മക്കളെ കാണിക്കുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസം 22 ഫിമെയില്‍ കോട്ടയം എന്ന സിനിമ കണ്ടിട്ട് എന്‍റെ മോള്‍ അപ്പുറത്തെ വീട്ടിലെ മലയാളം അറിയാവുന്ന ചെക്കനോട് ‘എന്നാ കുണ്ടിയാടാ’ എന്നു ചോദിക്കുന്നത് കേട്ടു ഞാന്‍ തകര്‍ന്നുപോയി. ഇന്‍റര്‍നെററില്‍ ‘ബെര്‍ളിത്തരങ്ങള്‍’ എന്ന ഒരു അലവലാതിയുടെ ബ്ലോഗ് എന്‍റെ മക്കള്‍ക്ക് അവര്‍ വായിച്ചുകൊടുക്കുന്നതും ഞാന്‍ കണ്ടു. അവര്‍ അവധി കഴിഞ്ഞു പോകുമ്പോഴേക്കും എന്‍റെ മക്കള്‍ എല്ലാ വൃത്തികേടുകളും പഠിക്കും. ഞാനാകെ തകര്‍ന്നിരിക്കുകയാണ് ഡോക്ടര്.എന്‍റെ മക്കളെ ആരെങ്കിലും മല്ലു എന്നു വിളിച്ചാല്‍ പിന്നെ ഞാന്‍ ജീവിച്ചിരിക്കില്ല.

മക്കളെ വളര്‍ത്തുന്നവര്‍ക്കേ ഇതിന്‍റെ ബുദ്ധിമുട്ട് മനസ്സിലാവൂ. സത്യത്തില്‍ മലയാളത്തിന്‍റെ ആവശ്യമെന്താണ്? മലയാളം കൊണ്ട് എന്താണ് പ്രയോജനം? ഒരു പ്രയോജനവുമില്ലാത്ത ഈ ഭാഷ നിരോധിക്കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ഥിക്കാന്‍ വകുപ്പുണ്ടോ? കേരളത്തിന്‍റെ ഔദ്യോഗികഭാഷ ഇംഗ്ലിഷാക്കിയാല്‍ അത് ഇവിടെ വളര്‍ന്നു വരുന്ന എല്ലാ കുട്ടികള്‍ക്കും ഉപകാരപ്രദമായിരിക്കില്ലേ? കേരളത്തില്‍ എല്ലാവരും ഇംഗ്ലിഷ് പഠിക്കുകയാണെങ്കില്‍ ഇവിടെ വരുന്ന ടൂറിസ്റ്റുകള്‍ക്കും എളുപ്പമുണ്ടാവും. കോടതിഭാഷ മലയാളമാക്കാന്‍ പറ്റില്ല എന്നു കഴിഞ്ഞ ദിവസം കോടതി പറഞ്ഞത് വലിയ കാര്യമാണ്. ഇവിടുത്തെ എല്ലാ തിന്മകള്‍ക്കും കാരണം മലയാളമാണ് എന്നതില്‍ സംശയമില്ല. ഇംഗ്ലിഷ് സംസാരിക്കുന്ന ആളുകള്‍ അക്രമത്തിലോ കൊലപാതകത്തിലോ ഒന്നും ഉള്‍പ്പെടാറില്ല എന്നത് ഒരു സത്യമാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കുകയും മലയാളഭാഷ നിരോധിക്കുകയും ചെയ്യണമെന്ന് ഞാനാവശ്യപ്പെടുകയാണ്. ഒപ്പം, ആങ്ങളയുടെ മക്കളുടെ ഉപദ്രവത്തില്‍ നിന്നും എന്‍റെ മക്കളെ എങ്ങനെ രക്ഷിക്കാം എന്ന കാര്യത്തില്‍ പ്രായോഗികമായ നിര്‍ദേശങ്ങള്‍ കൂടി നല്‍കണമെന്ന അപേക്ഷയോടെ നിര്‍ത്തുന്നു.

ആശങ്കകളോടെ ഒരു മാതൃകാ മദര്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക