Image

പ്രണയത്തിന്റെ നിറംമാറ്റം - മീട്ടു റഹ്മത്ത് കലാം

മീട്ടു റഹ്മത്ത് കലാം Published on 10 September, 2012
പ്രണയത്തിന്റെ നിറംമാറ്റം - മീട്ടു റഹ്മത്ത് കലാം
എന്തെന്നില്ലാത്ത സുഖവും ഭാവതീവ്രതയും മനുഷ്യമനസ്സുകളില്‍ ജനിപ്പിക്കുന്ന ഓരേയൊരു വികാരമാണ് പ്രണയം. കവിള്‍ത്തടത്തില്‍ വന്നു വീണ മഞ്ഞുതുള്ളി പകരുന്ന തണുപ്പിനൊപ്പം നേര്‍ത്ത തൂവല്‍ കൊണ്ടുള്ള ഇക്കിളിയും ഒന്നുചേര്‍ന്നതു പോലെയൊരനുഭൂതി. സ്വപ്നത്തിന്റെ പാതിചാരിയ വാതിലൂടെയെങ്കിലും പ്രണയത്തിന്റെ വഴിയിലൂടെ സഞ്ചരിക്കാന്‍ കഴിയാത്തവനെത്ര ഭാഗ്യഹീനന്‍. കമല സുരയ്യ പറഞ്ഞതെത്ര ശരിയാണ്. “നഷ്ടപ്പെട്ടേയ്ക്കാമ, പക്ഷേ പ്രണയിക്കാതിരിക്കരുത്”.

സത്യത്തില്‍ പ്രണയം സ്‌നേഹത്തിന്റെയും സംഗീതത്തിന്റെയുമെല്ലാം ഒരു സ്വാര്‍ത്ഥസാഗരമാണ്. അതിന് ജാതിയില്ല, മതമില്ല, പ്രായമില്ല, ഭാഷയുടെയോ ദേശത്തിന്റെയോ അതിര്‍വരമ്പുമില്ല. കേട്ടുമടുത്ത പ്രയോഗങ്ങള്‍ എന്ന ലേബല്‍ മാറ്റി നേരിന്റെ ലളിതമായ ഭാഷ്യം കാണാന്‍ മനസ്സിനെ വേറൊരു ആംഗിളിലേയ്ക്ക് സ്വല്പം തിരിച്ച് വെച്ച് ചിന്തിച്ചാല്‍ മതി. രണ്ടു പേര്‍ മാത്രമുള്ള ലോകം തീര്‍ത്ത്, മരണത്തിനുപോലും പിരിക്കാന്‍ കഴിയാത്ത അഭേദ്യമായ ബന്ധം കെട്ടിപ്പടുക്കാനുള്ള ശക്തി പ്രണയത്തിനും പ്രണയിക്കുന്നവര്‍ക്കും മാത്രം അവകാശപ്പെടാവുന്ന ഒന്നാണ്.

ബേപ്പൂരിലെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകളിലെ പ്രണയജോഡികള്‍ സെന്‍ട്രല്‍ ജയിലിന്റെ ഇടഭിത്തി ഉദാത്തമായ പ്രണയത്തിനു തടസ്സമല്ലെന്നും കാണാതെപോലും ഹൃദയങ്ങള്‍ക്ക് അടുക്കാമെന്നും തെളിയിക്കുകയും ചെയ്തതിലൂടെ പ്രസിദ്ധമായതാണ്. തകഴി ഒട്ടനവധി കൃതികളുടെ രചിതാവാണെങ്കിലും ഓര്‍മ്മിക്കപ്പെടുന്നത് കറുത്തമ്മയുടെയും പരീക്കുട്ടിയുടെയും പ്രണയത്തിന്റെ സൃഷ്ടാവെന്ന നിലയ്ക്കാണ്. ഏതെഴുത്തുകാരന്റെയും ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കൃതിയെടുത്താല്‍ പ്രണയമായിരിക്കും വിഷയമെന്നത് തീര്‍ച്ച. വായനക്കാരന്റെ മനസ്സിലേക്ക് പ്രണയതീവ്രത പോലെ എളുപ്പത്തില്‍ മറ്റൊരുവികാരവും എത്തിക്കാന്‍ കഴിയാത്തതാണ് അതിനു കാരണം.

പ്രണയത്തെക്കുറിച്ച് ഒരുപാട് കഥകളും കവിതകളും രചിക്കപ്പെട്ടിട്ടുണ്ടെങ്കിലും ആദ്യമായി പ്രണയിച്ച വരാരണെന്നതിന് വ്യക്തമായ സാക്ഷികളോ തെളിവുകളോ ഇല്ല. ആദവും ഹൗവ്വയുമാണല്ലോ ആദ്യത്തെ മനുഷ്യര്‍, അതുകൊണ്ട് ആദ്യത്തെ പ്രണയജോഡികള്‍ എന്ന ക്രെഡിറ്റ് അവര്‍ക്കിരിക്കട്ടെ. ആദമിനും ഹൗവ്വയ്ക്കുമിടയില്‍ പ്രണയമുണ്ടായിരുന്നോയെന്നു ചോദിച്ചാല്‍ ഉണ്ടെന്നു തന്നെ പറയേണ്ടി വരും. ജോണ്‍ മില്‍ട്ടന്റെ പാരഡൈഡ് ലോസ്റ്റ് എന്ന കൃതിയില്‍ ഹൗവ്വയുടെ ആത്മഗതത്തില്‍ വിലക്കപ്പെട്ട കനി കഴിച്ചത് തെറ്റായിപ്പോയെന്ന് അറിഞ്ഞ ശേഷവും ആദമിനെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കാത്തതിലെ സ്വാര്‍ത്ഥത അതെടുത്തുകാട്ടുന്നു. താന്‍ മാത്രം തെറ്റുകാരിയായി ശാപം ഏറ്റുവാങ്ങിയാല്‍ ദൈവം ആദമിന് മറ്റൊരുവളെ സ്വന്തമായി നല്‍കുമോ എന്ന ഭയം അവളിലെ പ്രണയിനിക്കുണ്ടായിരുന്നു.

ലോകത്തിലെ ഏറ്റവും സുന്ദരമായ പ്രണയസ്മാരകമേതെന്നു ചോദിച്ചാല്‍ നിസ്സംശയം കൊട്ടാരങ്ങളുടെ കിരീടമായ താജ് മഹല്‍ ചൂണ്ടിക്കാണിക്കാം, എന്നാല്‍ ഏറ്റവും ദൈവീകവും യഥാര്‍ത്ഥവുമായ പ്രണയം ഷാജഹാന്റെയും മുംതാസിന്റെയുമായിരുന്നെന്ന് ചരിത്രം പറയില്ല. യമുനയുടെ നേര്‍ക്കിറ്റു വീണ കണ്ണീര്‍ത്തുള്ളിയായ താജ്മഹലിന്റെ വശ്യവും കാലാതീതവുമായ സൗന്ദര്യത്തിനു പിന്നില്‍ ഷാജഹാന്‍ തന്റെ മൂന്നാം ഭാര്യ മുംതാസിനായി സൂക്ഷിച്ച പ്രണയം മാത്രമല്ല, അത് പണിത ആയിരങ്ങള്‍ അവരവരുടെ പ്രണയിനികള്‍ക്കായി മനസ്സിന്റെ കോണുകളില്‍ സൂക്ഷിച്ച പ്രണയത്തിന്റെ നിറഞ്ഞാട്ടത്തതിനും അതിലൊരു പങ്കുണ്ട്.

അന്നുമിന്നും പ്രണയമെന്ന വികാരത്തിന് കാര്യമായ മാറ്റം സംഭവിച്ചിട്ടില്ല. എന്നും അതിന്റെ ഭാവം ഒന്നു തന്നെയായിരിക്കും ആണും പെണ്ണും ഉള്ളിടത്തോളം കാലം അത് നിലനില്‍ക്കുകയും ചെയ്യും. പ്രണയത്തെ വ്യത്യസ്തമാക്കുന്നത് കാലമല്ല, മറിച്ച് മനുഷ്യഹൃദയങ്ങളിലെ വ്യതിയാനങ്ങളാണ്. അല്പം സാഹിത്യം മേംപൊടിയായി ചേര്‍ത്ത് പറയുകയാണെങ്കില്‍ മനസ്സുകളാകുന്ന ക്യാന്‍വാസില്‍ വിരിയുന്ന പ്രണയപുഷ്പങ്ങള്‍ക്ക് അവരവരുടെ മനോധര്‍മ്മമനുസരിച്ചായിരിക്കും നിറം പകര്‍ന്നിട്ടുണ്ടാവുക. അതുകൊണ്ടുതന്നെ ഒന്ന് മറ്റൊന്നില്‍ നിന്നും വ്യത്യസ്തമായിരിക്കും. എന്നാല്‍ പ്രണയത്തിന് ദൈവം കല്പിച്ച ഒരു നിറമുണ്ട്, ഒരേയൊരു നിറം. അനുരാഗാര്‍ദ്രമായ ഹൃയങ്ങളിലെ അകക്കണ്ണിനു മാത്രം കാണാന്‍ കഴിയുന്ന ഒരു പ്രണയവര്‍ണ്ണത്തിനു ഏഴു നിറങ്ങളില്‍ ചാലിച്ച മഴവില്ലിനെക്കാളും ഭംഗിതോന്നുന്നതില്‍ അതിശയോക്തിയില്ല.

കോളേജുകളിലും മറ്റും നടത്തുന്ന സര്‍വ്വേകളിലും ഡിബേറ്റുകളിലും യുവതലമുറയില്‍പ്പെട്ടവര്‍ പോലും ഷൈന്‍ ചെയ്യാന്‍ പറയുന്ന ഒരു ഡയലോഗുണ്ട്. “പ്രണയമോ, ഇന്നത്തെ പ്രണയം വെറും നേരം പോക്കാ, പണ്ടുകാലത്തെപ്പോലെയുള്ള ഉദാത്തമായ ഒരു ബന്ധം ഇന്നാര്‍ക്കുമില്ല.” ആവര്‍ത്തനവിരസത തോന്നിയേക്കാവുന്ന ഈ അഭിപ്രായത്തോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ ഇവര്‍ പണ്ടുകാലത്തെ പ്രണയം എന്ന് പറഞ്ഞ് പൊക്കിപ്പിടിക്കുന്നത് ലൈലാ-മജ്‌നു, റോമിയോ-ജൂലിയറ്റ്, രമണന്‍-ചന്ദ്രിക തുടങ്ങിയ പ്രണയത്തിന്റെ ഐക്കണ്‍സായി പ്രഖ്യാപിക്കപ്പെട്ട കക്ഷികളെയായിരിക്കും. ഹൃദയത്തില്‍ തൊട്ടുകൊണ്ട് പറയാന്‍ കഴിയുമോ ഈ പ്രണയങ്ങള്‍ ഉദാത്തമാണെന്ന്?

തികച്ചും വ്യത്യസ്തമായ ജീവിതസാഹചര്യങ്ങളില്‍ നിന്നും ഒന്നിക്കാനൊരുങ്ങുമ്പോള്‍ എതിര്‍പ്പുകള്‍ സാധാരണമാണ്. മരണത്തിലൂടെ പ്രണയത്തിന്റെ വിജയം പ്രഖ്യാപിച്ച ഇവരുടെ ചേതോവികാരം എന്തുകൊണ്ടോ എനിക്ക് മനസ്സിലാകുന്നില്ല. നിരൂപകര്‍ ഒരു പക്ഷേ പറയുമായിരിക്കും: ദേഹിയുടെ ഒന്നാകലാണ് ഏറ്റവും മഹത്തരമെന്ന് പക്ഷെ, മരണാനന്തരം ജീവിതത്തെക്കുറിച്ച് വ്യക്തമായ രേഖകളൊന്നുമില്ലാത്ത സ്ഥിതിയ്ക്ക് ആ വഴിയൊരു ചിന്ത മണ്ടത്തരമാണ്.

ഇന്നത്തെ തലമുറയിലെ പ്രണയങ്ങളെ അടച്ചാക്ഷേപിക്കുന്ന ഒരു കാര്യം അവര്‍ പ്രാക്ടിക്കല്‍ ഓറിയെന്റഡ് ആണെന്നതാണ്. അതൊരു തെറ്റായി ചൂണ്ടിക്കാട്ടേണ്ടതുണ്ടോ? അന്ധമായി പ്രണയിച്ച് ഒരു സുപ്രഭാതത്തില്‍ എല്ലാവരുടെയും മുഖത്ത് കരിവാരിത്തേച്ച് മറ്റൊന്നും ചിന്തിക്കാതെ തെരുവിലേയ്ക്കിറങ്ങാനൊരുങ്ങുന്ന പ്രണയങ്ങളില്‍ പവിത്രതയും ഉദാത്തവും കാണുന്നവര്‍ കുടുംബപശ്ചാത്തലവും മറ്റും നോക്കി വീട്ടുകാര്‍ക്കും യോജിച്ച ഒരാളെ തെരെഞ്ഞെടുക്കുമ്പോള്‍ അവളെ തെറ്റുകാരിയായി മുദ്രകുത്തുകയും പുതുതലമുറയുടെ പ്രണയസങ്കല്പത്തെ തന്നെ പുച്ഛിച്ചു തള്ളുകയും ചെയ്യുമ്പോള്‍ ചിരിക്കാതെന്തു ചെയ്യാന്‍ ? പ്രണയം ഒരു പക്ഷേ അന്ധമായിരിക്കാം, എന്നാല്‍ ജീവിതം അന്ധമാകാതിരിക്കാന്‍ അല്പം പ്രാക്ടിക്കല്‍ സെന്‍സ് നല്ലതു തന്നെ.

കംപ്യൂട്ടറും മൊബൈല്‍ ഫോണുകളും ഇന്റര്‍നെറ്റും കുട്ടികളെ വഴിതെറ്റിക്കുന്നു എന്നൊരു അഭ്യൂഹം പൊതുവേ കേള്‍ക്കാം. ഇതില്‍ വാസ്തവത്തിന്റെ കണികപോലുമില്ലെന്നു ഞാന്‍ പറയുന്നില്ല. എന്തു തന്നെയായായും ഇതൊക്കെ കാലത്തിന്റെ ആവശ്യങ്ങളാണ്. കിണറ്റില്‍ വീണാല്‍ ആള് മരിക്കുമെന്നു കരുതി വീടുകളില്‍ കിണര്‍ കുഴിക്കാതിരിക്കാന്‍ പറ്റുമോ?, വീഴാതെ സൂക്ഷിക്കേണ്ടത് നമ്മളാണ്. എന്തിന്റെയും നല്ല വശങ്ങളും ചീത്ത വശങ്ങളും മനസ്സിലാക്കാനുള്ള കഴിവ് ന്യൂജെനറേഷന്റെ ട്രേഡ് മാര്‍ക്കാണ്, അത് പകരുന്ന ധൈര്യം തന്നെയാണ് മുന്നോട്ടുള്ള പ്രയാണത്തിലെ മുതല്‍ക്കൂട്ട്.

ഇതൊക്കെയാണെങ്കിലും വേദനിപ്പിക്കുന്നൊരു വസ്തുത യുവാക്കളുടെ ആത്മഹത്യകളുടെ എണ്ണത്തിലെ ഗണ്യമായ വര്‍ദ്ധനവാണ്. പ്രായോഗിക ബുദ്ധിയുണ്ടെന്ന് വീമ്പടിക്കുമ്പോഴും നിര്‍മ്മലമായ മനസ്സ് പലപ്പോഴും പലരുടെയും കൂടെ നില്‍ക്കുന്നില്ല. എല്ലാം ആഗ്രഹങ്ങളും സാധിച്ചു വളര്‍ന്നു വരുന്നവര്‍ക്ക് പെട്ടെന്നൊരുനാള്‍ മാതാപിതാക്കളുടെ നിഷേധം കലര്‍ന്ന സ്വരം കേള്‍ക്കുമ്പോള്‍ താങ്ങാന്‍ കഴിയാതെ പതറിപ്പോകും. പ്രണയത്തിന് ഇത്രനാള്‍ സ്‌നേഹിച്ച അച്ഛനമ്മമാരെക്കാള്‍ മുന്‍തൂക്കം നല്‍കാന്‍ വിവരമുള്ള അവരുടെ മനസ്സ് സമ്മതിക്കുകയില്ല. അങ്ങനെ ഒരു കണ്‍ഫ്യൂസ്ഡ് സ്റ്റേറ്റില്‍ നില്‍ക്കുമ്പോള്‍ ബിസി ഷെഡ്യൂള്‍സിന്റെ പിറകെ പറയാതെ സാന്ത്വനത്തിന്റെ ഒരു ഹസ്തം സ്വന്തം മക്കള്‍ക്കെതിരെ നീട്ടി അവരോടൊപ്പം നില്‍ക്കാനും അവരെ മനസ്സിലാക്കാനും ശ്രമിച്ചിരുന്നെങ്കില്‍ വാടാതിരുന്നേനെ ആ മലരുകള്‍.

ഒരു സിനിമയിലായിരുന്നാല്‍ പോലും പേരന്റ്‌സ് ഫ്രണ്ട്‌സിനെപ്പോലെ പെരുമാറുന്നത് കണ്ടാല്‍ പിറുപിറുക്കുന്നത് മലയാളികളുടെ പൊതുവായ ഒരു സ്വഭാവ സവിശേഷതയാണ്. പക്ഷേ, കുട്ടികള്‍ക്ക് എന്തും തുറന്നു സംസാരിക്കാന്‍ അത്തരമൊരു ബോണ്ട് അത്യാവശ്യമാണ്. അങ്ങനെ വളര്‍ത്തുന്ന കുട്ടികള്‍ ഒരു നിസ്സാരമായ എസ്.എം.എസ് ആയാല്‍പ്പോലും മാതാപിതാക്കളെ വായിച്ചു കേള്‍പ്പിക്കും വര്‍ഷങ്ങളായുള്ള സ്‌നേഹത്തിനും കരുതലിനും മാത്രമേ കുട്ടികളില്‍ അങ്ങനെ ഒരു പ്രവണതകൊണ്ടുവരാന്‍ കഴിയൂ. മക്കളുടെ മനസ്സ് ഒരു തുറന്ന പുസ്തകം പോലെ വായിക്കാന്‍ കഴിയുന്നതിലാണ് അച്ഛനമ്മമാരുടെ വിജയം.

ആരോ പറഞ്ഞിട്ടുണ്ട്: ജീവിതയാത്രയിലെ ഏറ്റവും വലിയ കണ്ടെത്തല്‍, സ്വന്തം ഇണയെ തെരെഞ്ഞെടുക്കുന്നതാണെന്ന്. മാതാവിലൂടെ പിതാവിനെയും, പിതാവിലൂടെ ഗുരുവിനെയും, ഗുരുവിലൂടെ ദൈവത്തെയും അറിഞ്ഞ് വരുന്നതാണല്ലോ നമ്മുടെ സംസ്‌കാരത്തിന്റെ അടിത്തറ. അതുകൊണ്ട് തന്നെ, അച്ഛനമ്മമാരുടെ സ്‌നേഹപിന്തുണ ഏതൊരു ബന്ധത്തിന്റെ പൂര്‍ണ്ണതയ്ക്കും അത്യാന്താപേക്ഷിതമാണ്.

അടുത്ത കാലത്ത് ബധിരയും മൂകയുമായ ചൈക്കാരി തന്നെപ്പോലെ തന്നെയുള്ള മലയാളിയായ ഒരു യുവാവിന്റെ ജീവിതസഖിയായത് ചാറ്റിങ്ങിലൂടെയുള്ള പ്രണയവും തുടര്‍ന്നു കിട്ടിയ വീട്ടുകാരുടെ പിന്തുണയും കൊണ്ടാണെന്നത് ഒരു ഉദാഹരണാമായി കാണാം. എന്തിനുമുള്ള സ്വാതന്ത്ര്യത്തിന്റെ മധുരം നുണയുമ്പോഴും അങ്ങനെയൊരു ചാര് കൊതിക്കാത്തവരുണ്ടോ? കതിരും പതിരും വേര്‍തിരിച്ചറിയാന്‍ വഴിവിളക്കായി മുതിര്‍ന്നവരൊപ്പമുണ്ടെങ്കില്‍ പ്രണയത്തിലെ ദൈവീകതയുടെ അംശം പതിന്‍മടങ്ങ് വര്‍ദ്ധിക്കുകയേ ഉള്ളൂ. അത്തരം തലമുറയും പ്രണയവും നമ്മുടെ മണ്ണിനെ ദൈവത്തിന്റെ സ്വന്തം നാടാക്കട്ടെ!
പ്രണയത്തിന്റെ നിറംമാറ്റം - മീട്ടു റഹ്മത്ത് കലാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക