Image

കൂടങ്കുളത്ത്‌ സംഘര്‍ഷം: സമരക്കാരെ അറസ്‌റ്റു ചെയ്‌തു നീക്കി

Published on 10 September, 2012
കൂടങ്കുളത്ത്‌ സംഘര്‍ഷം: സമരക്കാരെ അറസ്‌റ്റു ചെയ്‌തു നീക്കി
ചെന്നൈ: തമിഴ്‌നാട്ടിലെ കൂടങ്കുളം ആണവ നിലയത്തിനെതിരെ സമരം ചെയ്യുന്നവര്‍ക്കെതിരെ പോലീസ്‌ നടപടി ശക്‌തമാക്കിയതോടെ പ്രദേശത്ത്‌ സംഘര്‍ഷാവസ്‌ഥ. നൂറുകണക്കിന്‌ ആളുകള്‍ നിരോധനാജ്‌ഞ ലംഘിച്ച്‌ ഇന്നലെ മുതല്‍ കടല്‍തീരത്തുകൂടി ആണവ നിലയത്തിന്‌ അരകിലോമീറ്റര്‍ അകലെയെത്തി തമ്പടിച്ചിരിക്കുകയാണ്‌. ഇവരെ പോലീസ്‌ അറസ്‌റ്റു ചെയ്‌തു നീക്കിയതോടെയാണ്‌ സമരം സംഘര്‍ഷഭരിതമായത്‌. എന്നാല്‍ പോലീസുമായി ഏറ്റുമുട്ടാല്‍ തയ്യാറാകാതെ നാട്ടുകാര്‍ കടലിലേക്ക്‌ ചാടി രക്ഷപ്പെടുകയായിരുന്നു. സമരക്കാരെ പിരിച്ചുവിടാന്‍ പോലീസ്‌ ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതകവും പ്രയോഗിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സമരക്കാര്‍ കടലിലേക്ക്‌ ചാടിയത്‌. നിലയത്തിലെ ഒന്നാം റിയാക്ടറില്‍ ആണവ ഇന്ധനം നിറയ്‌ക്കുന്ന ജോലി അടുത്ത ദിവസം തുടങ്ങുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ്‌ സമരം ശക്‌തിപ്രാപിച്ചത്‌.

സമരക്കാരെ നേരിടാന്‍ അയ്യായിരത്തോളം പോലീസുകാരെയാണ്‌ സര്‍ക്കാര്‍ കൂടങ്കുളത്ത്‌ വിന്യസിച്ചിരുന്നത്‌. ആണവ നിലയത്തിലേക്കുള്ള എല്ലാ വഴികളും പോലീസ്‌ അടച്ചതോടെ കടല്‍ക്കരയിലൂടെ സമരക്കാര്‍ നീങ്ങുകയായിരുന്നു. ദുര്‍ഘടപാതയായ ഇതുവഴി പോലീസിന്‌ എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞില്ല. സമരക്കാരെ ഭയന്ന്‌ പോലീസ്‌ സംരക്ഷണത്തിലാണ്‌ ശാസ്‌ത്രജ്‌ഞരും എന്‍ജിനീയര്‍മാരും ഇന്ന്‌ നിലയത്തില്‍ എത്തിയത്‌.

ഇന്‍ഡോ-റഷ്യന്‍ സഹകരണ സംരംഭമായ പ്ലാന്റിനെതിരെ അടുത്ത കാലത്തുവരെ ശക്‌തമായ സമരം നടന്നിരുന്നു. വിദേശ ഫണ്ടു കൈപ്പറ്റിയാണ്‌ സമരമെന്ന്‌ പ്രധാനമന്ത്രി വിമര്‍ശിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക