Image

ബി.ബി.സിയുടെ അമരക്കാരന്‍ ഇനി ന്യൂയോര്‍ക് ടൈംസില്‍

Published on 16 August, 2012
ബി.ബി.സിയുടെ അമരക്കാരന്‍ ഇനി ന്യൂയോര്‍ക് ടൈംസില്‍
ലണ്ടന്‍: സൈബര്‍ ലോകത്ത് ബി.ബി.സിക്ക് പുതിയ മുഖം സമ്മാനിച്ച സ്ഥാപനത്തിന്റെ ഡയറക്ടര്‍ ജനറല്‍ മാര്‍ക് തോംപ്‌സണ്‍ ഇനി ന്യൂയോര്‍ക് ടൈംസില്‍. ന്യൂയോര്‍ക് ടൈംസിന്റെ ചീഫ് എക്‌സിക്യൂട്ടിവായി നവംബറോടെ അദ്ദേഹം ചുമതലയേല്‍ക്കുമെന്ന് ചെയര്‍മാന്‍ ആര്‍തര്‍ സൂയിസ്ബര്‍ഗര്‍ പറഞ്ഞു. ബി.ബി.സിയുടെ ടി.വി റേഡിയോ, ഓണ്‍ലൈന്‍ സേവനങ്ങള്‍ തുടങ്ങിയവയുടെ അമരക്കാരനായി 2004ല്‍ നിയമിതനായ തോംപ്‌സണ്‍ ലണ്ടന്‍ ഒളിമ്പിക്‌സിനുശേഷം സ്ഥാപനംവിടുമെന്ന് നേരത്തേ അറിയിച്ചിരുന്നു. തോംപ്‌സന്റെ പിന്‍ഗാമിയായി ബി.ബി.സി ജോര്‍ജ് എന്‍വിസിലിനെ കഴിഞ്ഞമാസം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

എട്ടുമാസത്തെ അന്വേഷണത്തിനുശേഷമാണ് തങ്ങള്‍ക്ക് ശരിയായ ചീഫ് എക്‌സിക്യൂട്ടിവിനെ ലഭിച്ചിരിക്കുന്നതെന്ന് സൂയിസ്ബര്‍ഗര്‍ പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷമായി ന്യൂയോര്‍ക് ടൈംസ് ചീഫ് എക്‌സിക്യൂട്ടിവ് ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. സ്ഥാപനത്തിന് ഡിജിറ്റല്‍ ലോകത്ത് കൂടുതല്‍ ശക്തമായി നിലയുറപ്പിക്കാന്‍ തോംപ്‌സന്റെ സാന്നിധ്യം കരുത്തുപകരുമെന്നും അദ്ദേഹം പ്രത്യാശപ്രകടിപ്പിച്ചു. ന്യൂയോര്‍ക് ടൈംസിന് തോംപ്‌സണ്‍ നല്ലൊരു മുതല്‍ക്കൂട്ടാവുമെന്ന് ബി.ബി.സി ട്രസ്റ്റ് ചെയര്‍മാന്‍ ലോര്‍ഡ് പാറ്റന്‍ പറഞ്ഞു. പുതിയ സ്ഥാപനത്തില്‍ അദ്ദേഹത്തിന് എല്ലാ ആശംസകള്‍ നേരുന്നതായും പാറ്റന്‍ പറഞ്ഞു.

1979ല്‍ ബി.ബി.സിയില്‍ പ്രൊഡക്ഷന്‍ ട്രെയ്‌നി ആയാണ് തോംപ്‌സണ്‍ മാധ്യമപ്രവര്‍ത്തനം ആരംഭിക്കുന്നത്. 2002 വരെ ബി.ബി.സിയില്‍ വിവിധ തസ്തികകളിലായി പ്രവര്‍ത്തിച്ചു. പിന്നീട് രണ്ടു വര്‍ഷം ചാനല്‍ 4ന്റെ എക്‌സിക്യൂട്ടിവായി.

ബി.ബി.സിയുടെ അമരക്കാരന്‍ ഇനി ന്യൂയോര്‍ക് ടൈംസില്‍
മാര്‍ക് തോംപ്‌സണ്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക