Image

അസാന്‍ജെയ്ക്കു രാഷ്ട്രീയ അഭയം നല്‍കുമെന്ന് ഇക്വഡോര്‍

Published on 16 August, 2012
അസാന്‍ജെയ്ക്കു രാഷ്ട്രീയ അഭയം നല്‍കുമെന്ന് ഇക്വഡോര്‍
ക്വിറ്റോ: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെയ്ക്കു രാഷ്ട്രീയ അഭയം നല്‍കാന്‍ ഇക്വഡോര്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ബ്രിട്ടന്റെ കടുത്ത എതിര്‍പ്പിനെ മറികടന്നാണ് ഇക്വഡോര്‍ അസാന്‍ജെയ്ക്കു അഭയം നല്‍കാന്‍ തീരുമാനിച്ചത്. ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ രണ്ടു മാസം അസാന്‍ജെയ്ക്ക് അഭയമൊരുക്കും. ഇക്കാര്യത്തില്‍ ഇക്വഡോര്‍ പ്രസിഡന്റ് റാഫേല്‍ കോര അന്തിമ തീരുമാനം എടുത്തെന്ന് എംബസി അധികൃതര്‍ അറിയിച്ചു. 

രാജ്യത്തിന് പുറത്തുപോകാന്‍ ബ്രിട്ടന്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് അസാന്‍ജെയെ എംബസിയില്‍ പാര്‍പ്പിക്കാന്‍ ഇക്വഡോര്‍ തീരുമാനിച്ചത്. വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് അസാന്‍ജെയെ പിന്തുണയ്ക്കുന്നവര്‍ ലണ്ടനിലെ ഇക്വഡോര്‍ എംബസിക്ക് മുന്നില്‍ തടിച്ചുകൂടി. ആളുകളോട് പിരിഞ്ഞുപോകാന്‍ പോലീസ് ആവശ്യപ്പെട്ടങ്കിലും അവര്‍ ഇതിന് തയാറായില്ല. ഇതേതുടര്‍ന്ന് പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. 

അസാന്‍ജെയ്കു നീതിപൂര്‍വമായ വിചാരണ ലഭിക്കില്ലെന്ന് ബോധ്യമായതിനാലാണ് അസാന്‍ജെയ്ക്കു രാഷ്ട്രീയ അഭയം നല്‍കാന്‍ തീരുമാനിച്ചതെന്ന് ഇക്വഡോര്‍ അധികൃതര്‍ അറിയിച്ചു. അസാന്‍ജെയെ വിട്ടുനല്‍കില്ലെന്ന് ഇക്വഡോര്‍ വിദേശകാര്യമന്ത്രി റിക്കോര്‍ഡോ പാറ്റിനോ ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. അസാന്‍ജെക്ക് രാഷ്ട്രീയ അഭയം നല്‍കണമെന്ന് ആവശ്യപ്പെട്ട് അമ്മ ക്രിസ്റ്റീന ഇക്വഡോറിലെത്തി സര്‍ക്കാര്‍ അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. 

സ്വീഡനില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ലൈംഗികപീഡന കേസിലാണ് അസാന്‍ജെയെ അറസ്റ്റു ചെയ്ത് സ്വീഡന് കൈമാറാന്‍ ബ്രിട്ടീഷ് കോടതി തീരുമാനിച്ചത്. ഇതേത്തുടര്‍ന്നാണ് രാഷ്ട്രീയ അഭയത്തിനായി അസാന്‍ജെ, ഇക്വഡോറിനെ സമീപിച്ചത്.

 

അസാന്‍ജെയ്ക്കു രാഷ്ട്രീയ അഭയം നല്‍കുമെന്ന് ഇക്വഡോര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക