Image

കെ പി സി സി പുനസംഘടന: ചര്‍ച്ചകള്‍ മുറുകുന്നു

Published on 15 August, 2012
കെ പി സി സി പുനസംഘടന: ചര്‍ച്ചകള്‍ മുറുകുന്നു
തിരുവനന്തപുരം: കെ പി സി സി പുനസംഘടന അടുത്തതോടെ കോണ്‍ഗ്രസിലെ വിവിധ ഗ്രൂപ്പുകള്‍ അണിയറ നീക്കങ്ങള്‍ സജീവമാക്കി. നേതാക്കന്‍മാരെല്ലാം രഹസ്യപരസ്യ ചര്‍ച്ചകളുടെ തിരക്കിലാണ്. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും ഇന്ദിരാഭവനില്‍ കൂടിക്കാഴ്ച നടത്തി.

തൊട്ടുപിന്നാലെ കെ മുരളീധരന്‍ ഇരുവരുമായി ചര്‍ച്ച നടത്തി. മുന്‍ കെ പി സി സി അധ്യക്ഷന്മാരായ സി വി പത്മരാജന്‍ തെന്നല ബാലകൃഷ്ണ പിള്ള എന്നിവരുമായും ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ചര്‍ച്ച നടത്തി.

വി എം സുധീരനുമായി വ്യാഴാഴ്ച ചര്‍ച്ച നടത്തും. തിരുവനന്തപുരം, കോഴിക്കോട്, വയനാട് ഡി സി സികളില്‍ ഒന്ന് തന്റെ ഒപ്പമുള്ളവര്‍ക്കായി കെ മുരളീധരന്‍ ആവശ്യപ്പെട്ടു. ഇതേസമയം, താന്‍ പാര്‍ട്ടി നേതൃത്വവുമായി ഏറ്റുമുട്ടലിനില്ലെന്നും അദ്ദേഹം പറഞ്ഞു.

മുരളിക്കൊപ്പം  പത്മജ വേണുഗോപാലും അവകാശവാങ്ങളുമായി രംഗത്തെത്തി. കെ പി സി സിയില്‍ അര്‍ഹമായ സ്ഥാനം തുടര്‍ന്നും തന്റെ വിഭാഗത്തിന് ലഭിക്കണം. കെ മുരളീധരനും അനുയായികള്‍ക്കും അര്‍ഹമായ സ്ഥാനം നല്‍കുന്നതില്‍ വിരോധമില്ല. എന്നാല്‍ യഥാര്‍ത്ഥ കരുണാകരന്‍ വിഭാഗം തങ്ങളാണ് പത്മജ അവകാശപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് പത്മജ രമേശ് ചെന്നിത്തലയുമായും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും പത്മജ ചര്‍ച്ച നടത്തി.

കരുണാകരന്‍ വിഭാഗത്തിന് ലഭിച്ചിരുന്ന കെ പി സി സി വൈസ് പ്രസിഡന്റ് സ്ഥാനം, രണ്ട് വൈസ് പ്രസിഡന്റുമാര്‍, ഒരു കെ പി സി സി സെക്രട്ടറി, 14 എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, ഒമ്പത് എ ഐ സി സി ഭാരവാഹികള്‍ എന്നിവ തങ്ങള്‍ക്ക് ലഭിക്കണം. തൃശൂര്‍ ഡി സി സി പ്രസിഡന്റ് സ്ഥാനവും നല്‍കണമെന്നാണ് പത്മജയുടെ ആവശ്യം.

കെ പി സി സി പുനസംഘടന: ചര്‍ച്ചകള്‍ മുറുകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക