Image

ദുരിതകാരണം എന്‍ഡോസള്‍ഫാനല്ലെന്ന് കേന്ദ്രസര്‍ക്കാര്‍

Published on 02 August, 2011
ദുരിതകാരണം എന്‍ഡോസള്‍ഫാനല്ലെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: കാസര്‍കോട്ടെ ദുരിതങ്ങള്‍ക്ക് കാരണം എന്‍ഡോസള്‍ഫാന്‍ അല്ലെന്നും എന്‍ഡോസള്‍ഫാന്റെ നിരോധനം അനാവശ്യമാണെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. അനുമതി ഇല്ലാതെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് എന്‍ഡോസള്‍ഫാന്‍ തളിച്ചതാണ് കുഴപ്പങ്ങള്‍ക്ക് ഇടയാക്കിയതെന്നും കേന്ദ്ര കൃഷി മന്ത്രാലയം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

കാര്‍ഷികവൃത്തി കുറഞ്ഞ രാജ്യങ്ങളിലാണ് എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിട്ടുള്ളത്. മറ്റുരാജ്യങ്ങളില്‍ ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിലല്ല നിരോധനം ഏര്‍പ്പെടുത്തിയത്. സംശയങ്ങളുടെ അടിസ്ഥാനത്തില്‍മാത്രമാണ് അവിടെ നിരോധനം നടപ്പാക്കിയിരിക്കുന്നത്. എന്‍ഡോസള്‍ഫാന്റെ ഉപയോഗം 11 വര്‍ഷം കൊണ്ട് കുറച്ചാല്‍ മതി. അടിയന്തിരമായി നിരോധിക്കേണ്ടതില്ല.

ദുരിതത്തെക്കുറിച്ച് പഠനം നടത്തിയ വിദഗ്ധ സമിതിയുടെ പുതിയ റിപ്പോര്‍ട്ട് ലഭിച്ചശേഷമേ നടപടികള്‍ എടുക്കാന്‍ സാധിക്കുകയുള്ളു. എന്‍ഡോസള്‍ഫാന്‍ ദുരിതത്തെക്കുറിച്ച് പഠനം നടത്തിയ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒക്യുപ്പേഷണല്‍ ഹസാര്‍ഡ്‌സ് നല്‍കിയ റിപ്പോര്‍ട്ട് പൂര്‍ണമായിരുന്നില്ല.

2006 ല്‍ ലോകാരോഗ്യസംഘനട നടത്തിയ പഠനവും എന്‍ഡോസള്‍ഫാന് അനുകൂലമായിരുന്നതായി സത്യവാങ്മൂലത്തില്‍ സൂചിപ്പിക്കുന്നുണ്ട്. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ നല്‍കിയ ഹര്‍ജിയിലാണ് കൃഷി മന്ത്രാലയത്തിന് വേണ്ടി ഡയറക്ടര്‍ വന്ദനാ ജെയ്ന്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിച്ചത്. .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക