Image

മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ കണ്‍വെന്‍ഷന്‌ ഉജ്വല പരിസമാപ്‌തി

ജോയിച്ചന്‍ പുതുക്കുളം Published on 31 July, 2011
മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ കണ്‍വെന്‍ഷന്‌ ഉജ്വല പരിസമാപ്‌തി
ന്യൂയോര്‍ക്ക്‌: ആത്മീയതയുടെ പുതിയ വാതായനങ്ങള്‍ തുറന്നുതന്ന ഉജ്വല പ്രഭാഷണങ്ങളും, ശൗര്യമേറിയ ചിന്തകള്‍ക്ക്‌ വഴിതുറന്ന സിമ്പോസിയങ്ങളും, കുളിര്‍മ പകര്‍ന്ന വൈവിധ്യമായ കലാവിരുന്നുകളുംകൊണ്ട്‌ സമ്പുഷ്‌ടമായ ഇരുപത്തിയാറാമത്‌ മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ ഫാമിലി കോണ്‍ഫറന്‍സിന്‌ ന്യൂയോര്‍ക്കിലെ ഹഡ്‌സണ്‍വാലി റിസോര്‍ട്ട്‌ പ്രധാന വേദിയായ മന്‍ഹാട്ടന്‍ തീയേറ്ററില്‍ നടന്ന വിശുദ്ധ കുര്‍ബാനയോടെ പരിസമാപ്‌തി കുറിച്ചു.

കാനഡ മുതല്‍ വടക്കേ അമേരിക്കയിലെ മുഴുവന്‍ ഇടവകകളില്‍ നിന്നും എത്തിച്ചേര്‍ന്ന വൈദീകരും വിശ്വാസി സമൂഹവും ഉള്‍പ്പെട്ട കുടുംബ സംഗമത്തെ അഭിവന്ദ്യ പിതാക്കന്മാരായ കുറിയാക്കോസ്‌ മോര്‍ ദിയസ്‌കോറസ്‌ (മലേക്കുരിശ്‌ ദയറാധിപന്‍), ആയൂബ്‌ മോര്‍ സില്‍വാനോസ്‌ (ക്‌നാനായ അതി ഭദ്രാസനാധിപന്‍, നോര്‍ത്ത്‌ അമേരിക്ക/യൂറോപ്പ്‌), യല്‍ദോ മോര്‍ തീത്തോസ്‌ (അമേരിക്കന്‍ അതിഭദ്രാസനാധിപന്‍) എന്നിവരുടെ നേതൃത്വം അതിധന്യമാക്കി.

പൗരാണിക സിറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയുടെ വേദശാസ്‌തവും, പാരമ്പര്യവും കാത്തുസൂക്ഷിക്കുവാന്‍ ലക്ഷ്യമിട്ടുകൊണ്ട്‌ 1985-ല്‍ ആരംഭിച്ച ഫാമിലി കോണ്‍ഫറന്‍സ്‌ കണ്‍വെന്‍ഷന്‍ ഇരുപത്തിയാറിന്റെ നിറവില്‍ എത്തുമ്പോള്‍ ദൈവീക പരിപാലനത്തിന്റേയും അനുഗ്രഹത്തിന്റേയും വഴിയിലാണെന്ന്‌ വിശ്വാസി സമൂഹം ഏറ്റുചൊല്ലി. `കര്‍ത്താവേ വിശ്വസ്‌തന്‍, അവന്‍ നിങ്ങളെ ഉറപ്പിച്ച്‌ ദുഷ്‌ടന്റെ കൈയില്‍ അകപ്പെടാത്തവണ്ണം കാത്തുകൊള്ളും.' 2 തെസ്സലോനിക്യര്‍ 3:3 എന്നതായിരുന്നു പ്രധാന ചിന്താവിഷയം.

ലൗകിക ബന്ധങ്ങളും, ലോക മോഹങ്ങളും പരിത്യജിച്ച്‌ വിശ്വസ്‌തനും സത്യവാനുമായ ത്രിയേക ദൈവത്തില്‍ ആശ്രയിക്കുവാനും, ദുഷ്‌ടശക്തികളുടെ മായിക സ്വാധീനത്തില്‍ നിന്നും വിടുതല്‍ ലഭിക്കുവാന്‍ നമ്മെ തന്നെ പൂര്‍ണ്ണമായി സമര്‍പ്പിക്കണമെന്ന്‌ മോര്‍ ദിയസ്‌കോറസ്‌, മോര്‍ സില്‍വാനോസ്‌ എന്നിവര്‍ ഉത്‌ബോധിപ്പിച്ചു. വിവിധ ദിവസങ്ങളില്‍ നടന്ന സെഷനുകളില്‍ സംസാരിക്കുകയായിരുന്നു തിരുമേനിമാര്‍.

റവ.ഫാ. ഏബ്രഹാം വാസഫ്‌ (കോപ്‌റ്റിക്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌), ഫാ. മഗ്‌ദലീന (റൊമേനിയന്‍ ഓര്‍ത്തഡോക്‌സ്‌ മൊണാസ്‌ട്രി) എന്നീ വേദശാസ്‌ത്ര പണ്‌ഡിതര്‍ യുവജന മീറ്റിംഗുകള്‍ക്ക്‌ നേതൃത്വം നല്‍കി. എം.ജി.എസ്‌.ഒ.എസ്‌.എ വൈസ്‌ പ്രസിഡന്റ്‌ റവ ഫാ. ബിജോ മാത്യൂസ്‌, ജനറല്‍ സെക്രട്ടറി ഡീക്കന്‍ ഷെറില്‍ മത്തായി എന്നിവര്‍ വിവിധ യൂത്ത്‌ പരിപാടികള്‍ക്ക്‌ ക്രമീകരണങ്ങള്‍ ഒരുക്കി. പ്രമുഖ മാര്യേജ്‌ ആന്‍ഡ്‌ ഫാമിലി കൗണ്‍സിലര്‍കൂടിയായ ഭദ്രാസന സെക്രട്ടറി വെരി റവ. ഏബ്രഹാം കടവില്‍ കോര്‍എപ്പിസ്‌കോപ്പ നയിച്ച കപ്പിള്‍സ്‌ മീറ്റിംഗ്‌ ഏറെ വിജ്ഞാനപ്രദമായിരുന്നു. മൂന്നുദിന വി.ബി.എസിന്റെ ഉജ്വല വിജയത്തിനായി റവ.ഫാ. ദിലീഷ്‌ ഏലിയാസ്‌, ഡോ. ടി.വി. ജോണ്‍ (ഡയറക്‌ടര്‍), ബെറ്റ്‌സി തോട്ടക്കാട്ട്‌, ഷെവലിയാര്‍ ജയിംസ്‌ ജോണ്‍ എന്നിവര്‍ പ്രവര്‍ത്തിച്ചു. ശനിയാഴ്‌ച വൈകുന്നേരം വി.ബി.എസ്‌ സമാപന ആഘോഷങ്ങള്‍ അരങ്ങേറി. അഭിവന്ദ്യ തിരുമേനിമാരുടെ സമ്പൂര്‍ണ്ണ നേതൃത്വത്തില്‍ നടത്തപ്പെട്ട വൈദീക സമ്മേളനം ക്രൈസ്‌തവമൂല്യവും സഭയുടെ വേദശാസ്‌ത്രവും മുറുകെപ്പിടിച്ച്‌ പാരമ്പര്യത്തിലധിഷ്‌ഠിതമായി മുന്നേറുവാനും വരുംതലമുറയെ ആത്മീയപാതയിലേക്ക്‌ ആകര്‍ഷിതരാക്കുവാന്‍ പ്രതിജ്ഞാബദ്ധരായി പ്രവര്‍ത്തിക്കണമെന്നും ആഹ്വാനം ചെയ്‌തു. ക്ലെര്‍ജി സെക്രട്ടറി റവ.ഫാ. മാത്യൂസ്‌ ഇടത്തറ ഡച്ചസ്‌ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തിന്‌ ചുക്കാന്‍ പിടിച്ചു.

വിശുദ്ധ കുര്‍ബാനയര്‍പ്പണത്തെക്കുറിച്ചും വേദശാസ്‌ത്ര മര്‍മ്മത്തെക്കുറിച്ചും ജനറല്‍ സെഷനില്‍ റവ.ഫാ. സജി മര്‍ക്കോസ്‌ കോതകേരില്‍ (അരിസോണ) നടത്തിയ ക്ലാസ്‌ വിജ്ഞാനപ്രദമായിരുന്നു. മാര്‍ത്തമറിയം വനിതാ സമാജത്തിന്റെ വാര്‍ഷിക യോഗത്തില്‍ റവ.ഫാ. സാജു ജോര്‍ജും (ഒക്കലഹോമ), സെന്റ്‌ പോള്‍സ്‌ ഫെല്ലോഷിപ്പ്‌ യോഗത്തില്‍ വെരി റവ. ഐസക്ക്‌ പൈലി കോര്‍എപ്പിസ്‌കോപ്പയും സന്ദേശം നല്‍കി. കുര്യാക്കോസ്‌ മോര്‍ ദിയസ്‌കോറസ്‌ മെത്രാപ്പോലീത്തയുടെ മഹനീയ അധ്യക്ഷതയില്‍ കൂടിയ അന്ത്യോഖ്യാ സത്യവിശ്വാസ സംരക്ഷണ സമിതി യോഗത്തില്‍ റവ.ഫാ. ഗീവര്‍ഗീസ്‌ ചട്ടത്തില്‍, വെരി. റവ. ഏബ്രഹാം കടവില്‍ കോര്‍എപ്പിസ്‌കോപ്പ (ഭദ്രാസന സെക്രട്ടറി) എന്നിവര്‍ സന്ദേശം നല്‍കി. ജീവിതത്തിന്റെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി എത്തപ്പെട്ട ഈ മഹത്തായ ദേശത്ത്‌ സത്യവിശ്വാസത്തില്‍ നിന്നും പാരമ്പര്യത്തില്‍ നിന്നും വ്യതിചലിക്കാതെ സഭാപിതാക്കന്മാരോടുള്ള ആദരവുകളോടെ സഭയില്‍ ഉറച്ചുനില്‍ക്കുന്ന വിശ്വാസികളെ അഭിനന്ദിക്കുന്നുവെന്നും ഭദ്രാസന സാരഥി ആര്‍ച്ച്‌ ബിഷപ്പ്‌ മോര്‍ തീത്തോസ്‌ തിരുമനസ്സിന്റെ നേതൃത്വത്തില്‍ സുറിയാനി സഭയ്‌ക്ക്‌ അഭിമാനിക്കാവുന്നവിധം ഭദ്രാസനം ഉത്തരോത്തരം പുരോഗതി പ്രാപിക്കട്ടെയെന്നും മോര്‍ ദീയസ്‌കോറസ്‌ ആശംസിച്ചു. സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയുടെ അരനൂറ്റാണ്ടുകാലത്തെ ചരിത്രം, മലങ്കര സഭയിലെ സഭാ യോജിച്ചും തുടര്‍ന്നുള്ള സംഭവ വികാസങ്ങള്‍, വിദേശരാജ്യങ്ങളിലെ ഭദ്രാസനങ്ങള്‍ തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നു. ജനറല്‍ സെക്രട്ടറി ജേക്കബ്‌ കോര പരത്തുവയലില്‍, ട്രഷറര്‍ ബിജു ചെറിയാന്‍ എന്നിവര്‍ യോഗ ക്രമീകരണങ്ങള്‍ ചെയ്‌തു.

ഭക്തിയും ആവേശവും തിരതല്ലിയ വര്‍ണ്ണപ്പകിട്ടാര്‍ന്ന ഘോഷയാത്രയില്‍ പരമ്പരാഗത വേഷവിധാനങ്ങളോടെയാണ്‌ വിശ്വാസികള്‍ പങ്കുചേര്‍ന്നത്‌. മുത്തുക്കുടകള്‍, പാത്രിയര്‍ക്കാ പതാകകള്‍, ചെണ്ടമേളം എന്നിവ ആകര്‍ഷകമാക്കിയ ഘോഷയാത്രയില്‍ അന്ത്യോഖ്യാ-മലങ്കര- അമേരിക്കന്‍ ബന്ധം നീണാള്‍ വാഴട്ടെ എന്നും, പിതാക്കന്മാര്‍ നീണാള്‍ വാഴട്ടെയെന്നുമുള്ള മുദ്രാവാക്യങ്ങള്‍ മുഴങ്ങിക്കേട്ടു. റവ.ഫാ. സജി കുര്യാക്കോസ്‌ (ഹൂസ്റ്റണ്‍) സുറിയാനി ഭാഷയില്‍ ആലപിച്ച സ്വാഗത ഗാനം ചടങ്ങിനെ ഭക്തിസാന്ദ്രമാക്കി. ഞായറാഴ്‌ച നടന്ന വിശുദ്ധ കുര്‍ബാനയ്‌ക്ക്‌ മോര്‍ ദിയസ്‌കോറസ്‌ മെത്രാപ്പോലീത്ത മുഖ്യകാര്‍മിക്തവം വഹിച്ചു.

സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയുടെ പ്രധാന മേലദ്ധ്യക്ഷനായ പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവാ തിരുമനസിന്റേയും ഭദ്രാസന അജപാലകനായ ആര്‍ച്ച്‌ ബിഷപ്പിന്റേയും അത്മീയ മേലധികാരത്തിന്‍കീഴില്‍ ഭദ്രാസനത്തിന്റെ കെട്ടുറപ്പും ഐക്യവും അഖണ്‌ഡതയും കാത്തുസൂക്ഷിക്കുവാന്‍ പ്രതിജ്ഞാബദ്ധരാണെന്നുള്ള സമര്‍പ്പണത്തോടെയാണ്‌ നാലു ദിനരാത്രങ്ങള്‍ നീണ്ട കുടുംബസംഗമത്തില്‍ നിന്നും വിശ്വാസി സമൂഹം യാത്രയായത്‌.

ഭദ്രാസന സെക്രട്ടറി വെരി റവ. ഏബ്രഹം കടവില്‍ കോര്‍എപ്പിസ്‌കോപ്പ, വൈദീക സെക്രട്ടറി റവ.ഫാ. മാത്യൂസ്‌ ഇടത്തറ, ജനറല്‍ കണ്‍വീനര്‍രായ റവ.ഫാ. പോള്‍ തോട്ടക്കാട്‌, സാജു പൗലോസ്‌ സി.പി.എ, കൗണ്‍സില്‍ അംഗങ്ങളായ സാജു പൗലോസ്‌ മാരോത്ത്‌ (ഇവന്റ്‌), റവ.ഫാ. വര്‍ഗീസ്‌ മരുന്നിനാല്‍ (കുര്‍ബാന ഒരുക്കം), റവ.ഫാ. മാത്യൂസ്‌ കാവുങ്കല്‍, ബാബു വടക്കേടത്ത്‌ (കള്‍ച്ചറല്‍ പ്രോഗ്രാം), ജിജോ ജോസഫ്‌, ബേബി തരിയത്ത്‌ (രജിസ്‌ട്രേഷന്‍), ജോസ്‌ പലക്കത്തടം (ഗതാഗതം), കുര്യന്‍ ജോര്‍ജ്‌ സി.പി.എ (ഫസിലിറ്റീസ്‌), സാജു സ്‌കറിയ (പബ്ലിസിറ്റി), ഷാജി പീറ്റര്‍, ഷോലി മാത്യു (പ്രൊസഷന്‍) എന്നിവര്‍ അടങ്ങുന്ന കമ്മിറ്റി കണ്‍വെന്‍ഷന്റെ ഉജ്വല വിജയത്തിനായി പ്രവര്‍ത്തിച്ചു.

ജോബി ജോര്‍ജ്‌ (ഭദ്രാസന വക്താവ്‌), ബിജു ചെറിയാന്‍ (പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍) എന്നിവര്‍ അറിയിച്ചതാണിത്‌.
മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ കണ്‍വെന്‍ഷന്‌ ഉജ്വല പരിസമാപ്‌തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക