Image

സൂപ്പര്‍താരങ്ങളുടെ വീടുകളിലെ റെയ്‌ഡ്‌ വിവാദം ഒത്തുതീര്‍പ്പിലേക്ക്‌?

Published on 29 July, 2011
സൂപ്പര്‍താരങ്ങളുടെ വീടുകളിലെ റെയ്‌ഡ്‌ വിവാദം ഒത്തുതീര്‍പ്പിലേക്ക്‌?
മലയാളികളുടെ മുഴുവന്‍ ശ്രദ്ധയാകര്‍ഷിച്ച സൂപ്പര്‍താരങ്ങളുടെ വീടുകളിലെ റെയ്‌ഡ്‌ വിവാദം ഒത്തുതീര്‍പ്പിലേക്ക്‌. കഴിഞ്ഞ ആറു ദിവസമായി തുടരുന്ന റെയ്‌ഡ്‌ ഏതാണ്ട്‌ പൂര്‍ത്തിയായിരിക്കുന്ന ഘട്ടത്തിലാണ്‌ ഒത്തുതീര്‍പ്പിനുവേണ്ടിയുള്ള ശ്രമങ്ങള്‍ ശക്തമായിരിക്കുന്നത്‌. മമ്മൂട്ടിയുടെയും ലാലിന്റെയും മൊഴികള്‍ ഇതിനോടകം ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഇരുവരുടെയും ബാങ്ക്‌ ലോക്കറുകളും തുറന്നു പരിശോധിച്ചതോടെ റെയ്‌ഡ്‌ ഏതാണ്ട്‌ പൂര്‍ത്തിയായി കഴിഞ്ഞു. സൂപ്പര്‍താരങ്ങളുടെ വീടുകളിലും ബിസ്‌നസ്സ്‌ കേന്ദ്രങ്ങളിലും നടത്തിയെ റെയ്‌ഡ്‌ സംബന്ധിച്ച്‌ ആദായനികുതിവകുപ്പ്‌ നാളെ പത്രക്കുറിപ്പ്‌ ഇറക്കിയേക്കും.

എന്നാല്‍ റെയ്‌ഡ്‌ സംബന്ധിച്ച വിഷയങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ വന്‍ ശ്രമം നടക്കുന്നുണ്ടെന്നാണ്‌ സൂചനകള്‍. കേന്ദ്രമന്ത്രിതലത്തില്‍ നിന്നു തന്നെ റെയ്‌ഡ്‌ സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പിലേക്ക്‌ എത്തിക്കാനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിരുന്നു. റെയ്‌ഡ്‌ ഒത്തുതീര്‍പ്പിലേക്ക്‌ എത്തിക്കാന്‍ ഇപ്പോള്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിയില്‍ സ്ഥാനം നേടിയ ഒരു തെന്നിന്ത്യന്‍ സൂപ്പര്‍താരം സജീവമായി ഇടപെട്ടതായാണ്‌ അറിയുന്നത്‌. ഇതിനൊപ്പം ഇരുവരുടെയും മന്ത്രിസഭയില്‍ നിന്നും ചില പ്രമുഖരും രണ്ടു സൂപ്പര്‍താരങ്ങള്‍ക്ക്‌ വേണ്ടിയും ചരടുവലികള്‍ നടത്തുന്നതായാണ്‌ അറിയുന്നത്‌.

നിലവില്‍ ആദയനികുതി വകുപ്പ്‌ ടാക്‌സ്‌ നല്‍കിയതില്‍ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാണിച്ചാല്‍ അത്‌ പെനാല്‍റ്റി നല്‍കി അവസാനിപ്പിക്കാനാണ്‌ മമ്മൂട്ടിയും ലാലും ശ്രമിക്കുന്നത്‌. ഇതുവരെ ആദായനികുതി വകുപ്പിന്‌ സമര്‍പ്പിച്ച കണക്കുകള്‍ സത്യമാണെന്നാണ്‌ ഇരുവരും മൊഴിയില്‍ പറഞ്ഞിരിക്കുന്നത്‌. ഒരുപക്ഷെ തന്റെ കണക്കുകള്‍ നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്ക്‌ എന്തെങ്കിലും തെറ്റുപറ്റിയതാവാമെന്ന സാങ്കേതിക പിഴവാണ്‌ മമ്മൂട്ടിയും ലാലും ചൂണ്ടിക്കാട്ടുന്നത്‌.

എന്നാല്‍ ഇവരുമായി ബന്ധമുള്ള നിര്‍മ്മാതാക്കളുടെ വീടുകള്‍ റെയ്‌ഡ്‌ ചെയ്‌തപ്പോള്‍ ആര്‍ട്ടിസ്റ്റുകള്‍ കള്ളപ്പണമായി പ്രതിഫലം നല്‍കിയതിന്റെ തെളിവുകള്‍ ലഭിച്ചതായി സൂചനകളുണ്ട്‌. മാത്രമല്ല ചില ഭൂമിയിടപാടുകളെക്കുറിച്ചുള്ള രേഖകളും പിടിച്ചെടുത്തതായി പറയപ്പെടുന്നു. ഈ വിഷയങ്ങള്‍ ഒത്തുതീര്‍പ്പിലെത്തിച്ച്‌ ഒതുക്കി തീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായിട്ടാണ്‌ ഇപ്പോള്‍ സൂചനകള്‍ ലഭിക്കുന്നത്‌. എന്തായാലും ആറു ദിവസമായി നടന്ന റെയ്‌ഡ്‌ ഏതാണ്ട്‌ പൂര്‍ണ്ണമായും അവസാനിച്ചു കഴിഞ്ഞു.

സമീപ വര്‍ഷങ്ങളിലും താരങ്ങള്‍ നല്‍കിയ ആദായനികുതിവകുപ്പ്‌ റിട്ടേണ്‍ കൂടി പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക. എന്നാല്‍ രണ്ടു താരങ്ങള്‍ക്കും ദുബായിലുള്ള ബിസ്‌നസ്സ്‌ ബന്ധങ്ങളാണ്‌ റെയ്‌ഡിനു പിന്നിലെ ഏറ്റവും പ്രധാന ഘടകം. ദുബായില്‍ സ്വന്തമായി വില്ല വാങ്ങുന്നതിനു വേണ്ടി മോഹന്‍ലാല്‍ ബാങ്ക്‌ വായ്‌പ എടുത്തിരുന്നു. ലാവ്‌ലിന്‍ കേസില്‍ വിവാദത്തിലായ ഒരു വ്യവസായിയുടെ സ്ഥാപനത്തില്‍ ലാലിന്റെ ഭാര്യ സുചിത്ര ജോലി ചെയ്യുന്നതിന്റെ രേഖകള്‍ കാട്ടിയാണ്‌ ബാങ്ക്‌ വായ്‌പ എടുത്തിരുന്നത്‌. ഇതാണ്‌ ആദായ നികുതി വകുപ്പിന്‌ ഏറെ ആശയക്കുഴപ്പമുണ്ടായിരിക്കുന്നത്‌. ഇതൊപ്പം വിദേശത്തുള്ള എല്ലാ പ്രോപ്പര്‍ട്ടികളുടെയും വിശദമായ കണക്ക്‌ നല്‍കണമെന്ന്‌ ആദായനികുതി വകുപ്പ്‌ മോഹന്‍ലാലിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. എന്തായാലും റെയ്‌ഡ്‌ സംബന്ധിച്ച അവസാന സൂചനകള്‍ ആദാനികുതി വകുപ്പ്‌ തന്നെ പത്രക്കുറിപ്പില്‍ അറിയിക്കും.

എന്നാല്‍ സൂപ്പര്‍താരങ്ങളെ കേന്ദ്രീകരിച്ച്‌ മാത്രമല്ല മലയാള സിനിമ നിര്‍മ്മാണത്തില്‍ വ്യാപകമാകുന്ന കള്ളപ്പണത്തെ സംബന്ധിച്ച്‌ വലിയൊരു അന്വേഷണത്തിനു തന്നെ സാധ്യതയുണ്ടെന്നാണ്‌ ഇപ്പോള്‍ അറിയുന്ന വിവരം. സൂപ്പര്‍താരങ്ങളുടെ വീടുകളിലെ റെയ്‌ഡ്‌ അതിനൊരു മുന്നോടി മാത്രമാണെന്നും ആദായനികുതി വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയപ്പെടുന്നു.

എന്തായാലും മലയാള സിനിമയിലേക്ക്‌ സമീപ വര്‍ഷങ്ങളില്‍ ഗണ്യമായ തോതില്‍ കള്ളപ്പണമിറങ്ങിയിരുന്നു എന്നതാണ്‌ വാസ്‌തവം. മുമ്പ്‌ ബോളിവുഡിലും, കോളിവുഡിലുമായിരുന്നു ഏറിയ തോതില്‍ കള്ളപ്പണം വ്യാപകമായിരുന്നത്‌. ഇത്‌ പ്രധാനമായും അധോലോക മാഫിയകളുടേതുമായിരുന്നു. എന്നാല്‍ റിലയന്‍സ്‌ പോലുള്ള കോര്‍പ്പറേറ്റ്‌ കമ്പിനികള്‍ ഹിന്ദിയിലെയും, തമിഴിലെയും സിനിമ നിര്‍മ്മാണം ഏറ്റെടുത്തതോടെ അവിടെ മാഫിയകളുടെ ആധിപത്യം കുറഞ്ഞു. പകരം സിനിമ കോര്‍പ്പറേറ്റ്‌ കുത്തുകകള്‍ ഏറ്റെടുത്തു.

ഈ അവസരത്തില്‍ മാഫിയകളും കള്ളപ്പണം ഇടപാടുകാരും ലക്ഷ്യം വെച്ചത്‌ മലയാളം, കന്നഡ തുടങ്ങിയ ചെറിയ സിനിമാ ഇന്‍ഡസ്‌ട്രികളാണ്‌. ബോളിവുഡിലെ പോലെ സൂക്ഷനിരീക്ഷണങ്ങള്‍ ഈ സിനിമാ ഇന്‍ഡസ്‌ട്രികളിലില്ല എന്നതും കള്ളപ്പണഇടപാടുകാര്‍ക്ക്‌ സൗകര്യമായി.

മലയാള സിനിമയില്‍ കഴിഞ്ഞ പത്ത്‌ വര്‍ഷത്തിനിടയില്‍ വമ്പന്‍ പരാജയങ്ങള്‍ മാത്രമാണ്‌ ഭൂരിപക്ഷവും. സൂപ്പര്‍സ്റ്റാര്‍ ഇടപെടലുകളുടെ ഭാഗമായി മുമ്പ്‌ സിനിമ നിര്‍മ്മിച്ചിരുന്ന നിര്‍മ്മാണ കമ്പിനികളും നിര്‍മ്മാതാക്കളും സിനിമ അവസാനിപ്പിച്ചു. സൂപ്പര്‍താര പ്രതിഫലവും വമ്പന്‍ ബജറ്റുകളും താങ്ങാന്‍ കഴിയാത്തത്‌ തന്നെ കാരണം.

ഈ സ്ഥാനത്തേക്കാണ്‌ സിനിമയില്‍ യാതൊരു മുന്‍പരിചയവുമില്ലാത്ത പുത്തന്‍ നിര്‍മ്മാതാക്കള്‍ കടന്നു വന്നത്‌. പലരും പേരറിയാത്ത വ്യക്തികളുടെ ബിനാമികള്‍. സൂപ്പര്‍താരങ്ങള്‍ പറയുന്ന പണം പ്രതിഫലമായി നല്‍കി ഇവര്‍ സിനിമകള്‍ നിര്‍മ്മിക്കുന്നു. യാതൊരു ലോഭവുമില്ലാത വമ്പന്‍ ബജറ്റുകള്‍ നല്‍കുന്നു. ഇവിടെയാണ്‌ മലയാള സിനിമാ വിപണി പരാജയത്തിലേക്ക്‌ എത്തിയതില്‍ പ്രധാന കാരണം.

സിനിമകള്‍ പരാജയമാകുമ്പോഴും ഇത്തരം നിര്‍മ്മാതാക്കള്‍ക്ക്‌ യാതൊരു പ്രശ്‌നവുമില്ല എന്നതു തന്നെ ഇവര്‍ മുടക്കുന്ന പണത്തെക്കുറിച്ച്‌ സംശയമുണ്ടാക്കുന്നതാണ്‌. അഞ്ച്‌ പരാജയ സിനിമകള്‍ അടുപ്പിച്ച്‌ നിര്‍മ്മിച്ച ഒരു വ്യക്തി പോലും മലയാള സിനിമയിലുണ്ട്‌. ഇയാള്‍ ഇപ്പോള്‍ രണ്ട്‌ യുവതാരങ്ങള്‍ നായകന്‍മാരാകുന്ന സിനിമക്കായി പണമിറക്കിയിരിക്കുകയുമാണ്‌.

എന്തായാലും മലയാള സിനിമയില്‍ വ്യാപകമായ കള്ളപ്പണം തന്നെയാണ്‌ ആദായനികുതി വകുപ്പിന്റെ അന്വേഷണത്തിനു പിന്നിലെ ഒരു പ്രധാന കാരണം. ഈ കള്ളപ്പണത്തിന്റെ സ്രോതസുകളിലേക്കാണ്‌ ഉദ്യോഗസ്ഥര്‍ ഇനി എത്തിച്ചേരാനുള്ളത്‌.
സൂപ്പര്‍താരങ്ങളുടെ വീടുകളിലെ റെയ്‌ഡ്‌ വിവാദം ഒത്തുതീര്‍പ്പിലേക്ക്‌?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക