Image

ഗുലാം നബി ഫായിക്ക് യുഎസ് കോടതി ജാമ്യം അനുവദിച്ചു

Published on 27 July, 2011
ഗുലാം നബി ഫായിക്ക് യുഎസ് കോടതി ജാമ്യം അനുവദിച്ചു
വാഷിങ്ടണ്‍: അമേരിക്കയില്‍ അറസ്റ്റിലായ കശ്മീര്‍ വിഘടനവാദി നേതാവ് ഗുലാം നബി ഫായിക്ക് യുഎസ് കോടതി ജാമ്യം അനുവദിച്ചു. വിചാരണ കഴിയും വരെ ഭാര്യയുടെ ഉത്തരവാദിത്വത്തില്‍ ഫായിയെ വീട്ടുതടങ്കലില്‍ വിടാനാണ് കോടതി ഉത്തരവ്. ജൂലായ് 19 നാണ് വെര്‍ജീനിയയില്‍ നിന്നു ഫായിയെ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി എഫ്ബിഐ അറസ്റ്റു ചെയ്തത്. ഒരു ലക്ഷം യുഎസ് ഡോളറും ജാമ്യത്തുകയായി കെട്ടിവെയ്ക്കാന്‍ കോടതി ആവശ്യപ്പെട്ടു.

അമേരിക്കയിലെ പാക് സമൂഹത്തിന്റെ നേതാക്കളിലൊരാളായ ഗുലാം നബി ഫായിയെ അമേരിക്കയുടെ കശ്മീര്‍ നയത്തെ സ്വാധീനിക്കാന്‍ അവിഹിത മാര്‍ഗങ്ങള്‍ സ്വീകരിച്ചതിനാണ് അറസ്റ്റു ചെയ്തത്. അമേരിക്കയുടെ കശ്മീര്‍ നയത്തെ സ്വാധീനിക്കാന്‍ പാക് ചാരസംഘടനയായ ഐ.എസ്.ഐ. കോടിക്കണക്കിനു ഡോളര്‍ ചെലവിട്ടതായി എഫ്.ബി.ഐ. കണ്ടെത്തി.
കശ്മീരിന്റെ സ്വയം നിര്‍ണയാവകാശത്തിനു വേണ്ടി പ്രചാരണം നടത്തുന്ന കശ്മീരി അമേരിക്കന്‍ കൗണ്‍സില്‍ എന്ന സംഘടനയുടെ ഡയറക്ടറാണ് ഡോക്ടര്‍ സാഹിബ് എന്നറിയപ്പെടുന്ന ഫായി. സംഘടനയുടെ പ്രവര്‍ത്തനച്ചെലവു വഹിക്കുന്നത് ഐ.എസ്.ഐ.യാണെന്നും രണ്ടു പതിറ്റാണ്ടു കാലമായി കോടിക്കണക്കിനു രൂപ അതിനായി ഐ.എസ്.ഐ. നല്‍കിയിട്ടുണ്ടെന്നും എഫ്. ബി.ഐ. പറയുന്നു. അമേരിക്കയിലിരുന്ന് ഫായി നടത്തുന്ന പ്രസ്താവനകളുടെ 80 ശതമാനവും തയ്യാറാക്കുന്നത് ഐ.എസ്.ഐ.യാണെന്ന് എഫ്.ബി.ഐ. കണ്ടെത്തിയിട്ടുണ്ട്.

അമേരിക്കയിലെ രാഷ്ട്രീയ പ്രചാരണപരിപാടികള്‍ക്ക് പ്രതിവര്‍ഷം ഒരു ലക്ഷം ഡോളറാണ് സംഘടന സംഭാവനയായി നല്‍കുന്നത്. പാക് സര്‍ക്കാറിന്റെ ധനസഹായവും നിര്‍ദേശങ്ങളും സ്വീകരിച്ചാണ് ഫായിയും അദ്ദേഹത്തിന്റെ സംഘടനയും പ്രവര്‍ത്തിക്കുന്നതെന്നു വ്യക്തമാണെന്ന് എഫ്.ബി.ഐ.യുടെ സ്‌പെഷല്‍ ഏജന്‍റ് സാറാ വെബ് ലിന്‍ഡന്‍ കോടതിയെ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക