Image

യാക്കോബായ സുറിയാനി കുടുംബ സംഗമം സമാപിച്ചു

ജോസഫ്‌ കുരിയപ്പുറം / മൊയ്‌തീന്‍ പുത്തന്‍ചിറ Published on 27 July, 2011
യാക്കോബായ സുറിയാനി കുടുംബ സംഗമം സമാപിച്ചു
ഹൂസ്റ്റണ്‍: മൂന്നു ദിവസം നീണ്ടുനിന്ന മലങ്കര യാക്കോബായ സുറിയാനി ക്രിസ്‌ത്യാനി കുടുംബ സംഗമം ചരിത്രത്താളുകളില്‍ ആലേഖനം ചെയ്യപ്പെടേണ്ട ഒരു മഹാസംഭവമായി പര്യവസാനിച്ചതില്‍ സംഘാടകര്‍ക്ക്‌ അതീവസന്തോഷമായി.

ഭദ്രാസന ഭരണത്തോടുള്ള അതൃപ്‌തിയും ആത്മരോഷവും പ്രകടമാക്കി, ഭദ്രാസന മെത്രാപ്പോലീത്തായുടെ ഭീഷണികള്‍ക്കു വഴങ്ങാതെ, മലങ്കര സഭയുടെ കുടിയേറ്റക്കാരായ മക്കള്‍ അവരുടെ പാരമ്പര്യത്തിലും സംസ്‌ക്കാരത്തിലും ഉറച്ചുനിന്നുകൊണ്ട്‌ ജൂലൈ 22, 23, 24 തിയ്യതികളില്‍ ഹൂസ്റ്റണിലെ സ്റ്റാഫോര്‍ഡ്‌ ബാങ്ക്വറ്റ്‌ ഹാളില്‍ ചേര്‍ന്ന ഇരുപത്തിയാറാമത്‌ കുടുംബസംഗമം അമേരിക്കന്‍ മലയാളികളുടെ കുടിയേറ്റ ചരിത്രത്തില്‍ ഒരിക്കല്‍കൂടി വ്യത്യസ്ഥ അനുഭവമായി മാറി.
ജൂലൈ 22 വെള്ളിയാഴ്‌ച വൈകീട്ട്‌ രജിസ്‌ട്രേഷനോടുകൂടി ആരംഭിച്ച കുടുംബസംഗമം, ശനിയാഴ്‌ച രാവിലെ പ്രഭാത പ്രാര്‍ത്ഥനക്കുശേഷം നടന്ന ഭക്തിനിര്‍ഭരമായ ചടങ്ങില്‍ വെരി. റവ. ബോബി ജോസഫ്‌ കോര്‍ എപ്പിസ്‌കോപ്പ ഔദ്യോഗികമായി ഉത്‌ഘാടനം ചെയ്‌തു. പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തോടും, പാത്രിയാര്‍ക്കീസ്‌ ബാവയോടും, ശ്രേഷ്‌ഠ കാതോലിക്കാ ബാവയോടും, മലങ്കര സഭയോടും സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരോടുമുള്ള ഭക്തിപ്രമേയം കണ്‍വന്‍ഷന്‍ കണ്‍വീനര്‍ ശ്രീ. കെ.സി. വര്‍ഗീസ്‌ അവതരിപ്പിച്ചു. തുടര്‍ന്നു നടന്ന സമ്മേളനത്തെ റവ. ഡോക്ടര്‍ വര്‍ഗീസ്‌ മാണിക്കാട്ട്‌, റവ. ബിനു പുതുപ്പറമ്പില്‍, റവ. ഷിനോജ്‌ ജോസഫ്‌ എന്നിവര്‍ അഭിസംബോധന ചെയ്‌തു.

സ്‌ത്രീപുരുഷഭേദമന്യേ ആബാലവൃദ്ധം ജനങ്ങളേയും ഒരുപോലെ ആകര്‍ഷിച്ച ഫെയ്‌ത്ത്‌, ഫാമിലി ആന്റ്‌ ചില്‍ഡ്രന്‍ എന്നീ വിഷയങ്ങളെ ആസ്‌പദമാക്കി ഡോക്ടര്‍ സൂസന്‍ ഫിലിപ്പ്‌ മോഡറേറ്ററായി ചര്‍ച്ചകള്‍ നടന്നു. റവ. ഡിക്കണ്‍ ആകാശ്‌ പോള്‍, ശ്രീ കെ.സി. വര്‍ഗീസ്‌, ശ്രീ എല്‍ദോ പോള്‍ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തു.

ഉച്ചഭക്ഷണത്തിനുശേഷം നടന്ന ബിസിനസ്സ്‌ മീറ്റിംഗില്‍ ഭദ്രാസന നേതൃത്വത്തിന്റെ തെറ്റായ നടപടികളെ ആത്മസംയമനത്തോടെ നേരിടാന്‍ മുതിര്‍ന്ന നേതാക്കള്‍ ആഹ്വാനം ചെയ്‌തു. മലങ്കരയില്‍ നിന്നു കുടിയേറിയ യാക്കോബായ സഭാവിശ്വാസികള്‍ മലങ്കര സഭയേയും അതിന്റെ പിതാക്കന്മാരേയും മറന്നുകൊണ്ട്‌ മറ്റൊരു നേതൃത്വത്തെ ഒരുകാലത്തും സ്വീകരിക്കില്ല എന്ന്‌ പ്രഖ്യാപനം ചെയ്‌തു. പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനവും, മലങ്കര സഭയും, അമേരിക്കയിലെ മലങ്കര അതിഭദ്രാസനവും ഒന്നിനൊന്ന്‌ ബന്ധപ്പെട്ടതാണെന്നും, മലങ്കര സഭയെ മാറ്റി നിര്‍ത്തി മലങ്കര അതിഭദ്രാസനത്തിന്‌ നിലനില്‌പ്‌ ഇല്ല എന്നും, കേവലം അധികാരമോഹത്തിന്റേയും വ്യക്തിവൈരാഗ്യത്തിന്റേയും പേരില്‍ മലങ്കര സഭയെ തള്ളിപ്പറയുന്ന ഒരു മെത്രാനച്ചന്റെ കീഴില്‍ മലങ്കര സഭാവിശ്വാസികള്‍ ഒരുകാലത്തും അടങ്ങിയിരിക്കില്ല എന്ന്‌ ദൃഢപ്രതിജ്ഞ ചെയ്‌ത വിശ്വാസികള്‍, ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനായി 15 പേരടങ്ങിയ ആക്‌ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു.

ഭദ്രാസന മെത്രാപ്പോലീത്തായുടെ പ്രലോഭനങ്ങള്‍ക്കും ഭീഷണികള്‍ക്കും വഴങ്ങാതെ ധീരമായി മലങ്കര സഭയോട്‌ ആഭിമുഖ്യം പ്രഖ്യാപിക്കുകയും, ഭദ്രാസന മെത്രാപ്പോലീത്തായോടുള്ള അതൃപ്‌തി രേഖാമൂലം സഭാതലവനായ പരി. പാത്രിയാര്‍ക്കീസ്‌ ബാവായെ അറിയിക്കുകയും ചെയ്‌തു. ഇരുപതിലധികം സീനിയര്‍ വൈദികര്‍ക്ക്‌ യോഗം അഭിവാദ്യങ്ങളര്‍പ്പിച്ചു.

ഞായറാഴ്‌ച രാവിലെ വിശുദ്ധ കുര്‍ബ്ബാനയോടുകൂടി പരിപാടികള്‍ വിജയകരമായി പര്യവസാനിച്ചു. കണ്‍വന്‍ഷനില്‍ പങ്കെടുത്ത വൈദികര്‍ക്കും വിശ്വാസികള്‍ക്കും ശ്രീ ജോസഫ്‌ കുരിയപ്പുറം നന്ദി രേഖപ്പെടുത്തി.
യാക്കോബായ സുറിയാനി കുടുംബ സംഗമം സമാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക