Image

ശാന്തിഗിരിയില്‍ മാര്‍ത്തോമ്മാ സഭയുടെ ശാസ്ത്ര മത സമ്മേളനം

പി.പി.ചെറിയാന്‍ Published on 25 July, 2011
ശാന്തിഗിരിയില്‍ മാര്‍ത്തോമ്മാ സഭയുടെ ശാസ്ത്ര മത സമ്മേളനം
ശാസ്ത്രം മത ദര്‍ശനങ്ങളെ സുതാര്യവും, സ്വീകാര്യവും ആക്കുന്നുവെന്ന് ഇംഗ്ലണ്ടിലെ കേംബ്രിഡ്ജില്‍ നടന്ന രാജ്യാന്തര ശാസ്ത്ര മത സംവാദം അഭിപ്രായപ്പെട്ടു. ശാസ്ത്രം ഈശ്വരാസ്ഥിത്വത്തെ നിഷേധിക്കുന്നില്ല. ഭൗതികശാസ്ത്രവും ദൈവശാസ്ത്രവും ഒരേ ദിശയിലാണ് മുന്നേറുന്നത്. വിശ്വാസ സമൂഹം ശാസ്ത്ര ദര്‍ശനങ്ങളോടു മനപ്പൂര്‍വ്വം പാലിച്ച അകല്‍ച്ച മൂലമാണ് ശാസ്ത്രം ഈശ്വര വിശ്വാസത്തിന് എതിരാണെന്ന തെറ്റിധാരണ പരന്നത്. കേംബ്രിഡ്ജിലെ ഫാരഡെ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ജൂലൈ മാസം ആറാം തീയ്യതി മുതല്‍ പത്തു ദിവസം നീണ്ടുനിന്ന സംവാദം പതിനാറാം തീയ്യതി ശനിയാഴ്ചയാണ് സമാപിച്ചത്.

ബൈബിളിലെ ഉല്‍പ്പത്തി വിവരണം, പരിണാമ വാദം, ബിങ്ങ് ബാങ്ങ് തിയ്യറി, ക്രിസ്തുവിന്റെ മനുഷ്യഭാവം, മനുഷ്യന്റെ ജനനം, മരണം, ആത്മാവ് തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നും ശാസ്ത്രജ്ഞരും ദൈവ ശാസ്ത്രജ്ഞരും, വിദ്യാഭ്യാസ വിദഗ്ദ്ധരും പത്രപ്രവര്‍ത്തകരുമായി ഏകദേശം 50 ഓളം പേര്‍ പങ്കെടുത്ത സംവാദത്തില്‍ ഇന്‍ഡ്യയില്‍ നിന്ന് കോഴഞ്ചേരി സെന്റ് തോമസ് കോളേജ് പ്രൊഫസര്‍ റോയ്‌സ് മല്ലശ്ശേരി പങ്കെടുത്തു. സംവാദത്തിന് ഫാരഡെ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ.റോഡ്‌നി ഹോള്‍ഡര്‍ , കേംബ്രിഡ്ജ് പ്രൊഫ. ഡെനീസ് അലക്‌സാണ്ടര്‍ , ഓക്‌സ്‌ഫോര്‍ഡ് സയന്‍സ് ഡയറക്ടര്‍ കാതറീന്‍ ബ്‌ളണ്ടല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഒക്‌ടോബര്‍ 12 മുതല്‍ 14 വരെ കേരളത്തില്‍ ആലുവയിലെ ശാന്തിഗിരിയില്‍ മാര്‍ത്തോമ്മാ സഭയുടെ ഹൈയര്‍ എഡ്യൂകേഷന്‍ കമ്മീഷന്‍ സംഘടിപ്പിക്കുന്ന രാജ്യാന്തര ശാസ്ത്ര മത സമ്മേളനത്തില്‍ കേംബ്രിഡ്ജില്‍ നിന്നും , ഓക്‌സ്‌ഫോര്‍ഡില്‍ നിന്നുമുള്ള ശാസ്ത്രജ്ഞരും മറ്റ് വിദഗ്ദ്ധരുമടങ്ങുന്ന സംഘം പങ്കെടുക്കും. സമ്മേളനത്തിന്റെ നടത്തിപ്പിനായി അഭിവന്ദ്യ ഡോ. ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്ത രക്ഷാധികാരിയും, അഭിവന്ദ്യ ഡോ. സഖറിയാസ് മാര്‍ തെയോഫിലസ് സഫ്രഗന്‍ മെത്രാപ്പോലീത്താ ചെയര്‍മാനുമായി സംഘാടകസമിതി പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും പ്രൊഫസര്‍ റോയ്‌സ് മല്ലശ്ശേരി - 91-904-829-5600, ജിജി റ്റോം ഇലന്തൂര്‍ - 845-282-2500 എന്നിവരുമായി ബന്ധപ്പെടുക.
ശാന്തിഗിരിയില്‍ മാര്‍ത്തോമ്മാ സഭയുടെ ശാസ്ത്ര മത സമ്മേളനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക