Image

ഗുജറാത്തിനെ പ്രശംസിച്ച ഇസ്‌ലാം മതപഠനശാല വി.സി വസ്തന്‍വിയെ മാറ്റി.

Published on 24 July, 2011
ഗുജറാത്തിനെ പ്രശംസിച്ച ഇസ്‌ലാം മതപഠനശാല വി.സി വസ്തന്‍വിയെ മാറ്റി.
മുസാഫര്‍ നഗര്‍: ഗുജറാത്തിനെപ്പറ്റി പ്രകീര്‍ത്തിച്ച് നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ വിവാദ നായകനായ ഉത്തര്‍പ്രദേശിലെ ദാറുല്‍ ഉലൂം ദേവ്ബന്ദ് ഇസ്‌ലാം മതപഠനശാലയുടെ വൈസ് ചാന്‍സലര്‍ മൗലാന മുഹമ്മദ് വസ്തന്‍വിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കി. ആക്ടിങ് വൈസ് ചാന്‍സലര്‍ മുഫ്തി അബുള്‍ ഖാസിം നവോമണിയാണ് പുതിയ വി.സി.

ഗുജറാത്തില്‍ വികസനം നടക്കുന്നുവെന്നും ഹിന്ദു-മുസ്‌ലീം ഭേദമില്ലാതെ അവിടത്തെ ജനങ്ങളെല്ലാവരും അത് സമ്മതിക്കുമെന്നും 2002 ലെ കലാപം മുസ്‌ലീം സമുദായം മറക്കണമെന്നുമാണ് മുഹമ്മദ് വസ്തന്‍വി പറഞ്ഞത്. ഇതാണ് വിവാദമായതും. ഗുജറാത്തിലെ സൂറത്തില്‍നിന്നുള്ള വസ്തന്‍വി കഴിഞ്ഞ ജനവരി പത്തിനാണ് മുസ്‌ലിം മതപഠനശാലയായ ദാറുല്‍ ഉലൂം ദേവ്ബന്ദിന്റെ വൈസ് ചാന്‍സലറായി തിരഞ്ഞെടുക്കപ്പെട്ടത്.

നരേന്ദ്ര മോഡി ഭരിക്കുന്ന ഗുജറാത്തില്‍ മുസ്‌ലീങ്ങള്‍ മതവിവേചനം നേരിടുന്നില്ലെന്ന് ഒരു ഇസ്‌ലാം മതപാഠശാലയുടെ മേധാവി പറഞ്ഞതോടെ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ സമരം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ മൂന്നംഗ സമിതിയെ അന്വേഷണ കമ്മീഷനായി നിയോഗിക്കുകയും വി.സിയുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തു. സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മജ്‌ലീസ് ഇ-ഷുരാ എന്ന ഗവേണിങ് കൗണ്‍സിലിന്റേതാണ് വസ്തന്‍വിയെ മാറ്റാനുള്ള ഇപ്പോഴത്തെ തീരുമാനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക