Image

മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ ഫാമിലി കോണ്‍ഫറന്‍സിന്‌ തിരിതെളിഞ്ഞു

ജോബി ജോര്‍ജ്‌ Published on 24 July, 2011
മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ ഫാമിലി കോണ്‍ഫറന്‍സിന്‌ തിരിതെളിഞ്ഞു
കെറഹോണ്‍സണ്‍ (ന്യൂയോര്‍ക്ക്‌): ആത്മീയ ചൈതന്യം നിറഞ്ഞ സായംസന്ധ്യയില്‍ വൈദീകവൃന്ദത്തേയും വിശ്വാസി സമൂഹത്തേയും സാക്ഷിനിര്‍ത്തി, നിറശോഭ പകര്‍ന്ന്‌ ഭദ്രദീപം തെളിയിച്ച്‌ മലങ്കര ആര്‍ച്ച്‌ ഡയോസിസിന്റെ 26-മത്‌ ഫാമിലി കോണ്‍ഫറന്‍സിന്‌ തിരിതെളിഞ്ഞു.

ദൈവം വിശ്വസ്‌തനാകയാല്‍ കൂടുതല്‍ കരുത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നു. ദൈവത്തോട്‌ ചേര്‍ന്ന്‌ നിന്ന്‌ ഭദ്രാസനത്തെ നയിക്കാന്‍ കഴിയുന്നതില്‍ ദൈവത്തെ മഹത്വപ്പെടുത്തുന്നു. പ്രതിസന്ധികളിലും, പ്രയാസങ്ങളിലും തളരാതെ മുമ്പോട്ട്‌ നയിക്കാന്‍ ദൈവത്തിന്റെ കൃപ ലഭിക്കുന്നത്‌ അനുഗ്രഹമാണ്‌. യുവതലമുറ വൈദീകവൃത്തിയിലേക്ക്‌ വരുന്നത്‌ പ്രോത്സാഹനജനകമാണ്‌. ഭദ്രാസന ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസ്‌ മെത്രാപ്പോലീത്ത അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

സിംഹാസന പള്ളികളുടെ ചുമതല വഹിക്കുന്ന മലേക്കുരിശ്‌ ദയാറാധിപന്‍ അഭിവന്ദ്യ കുര്യാക്കോസ്‌ മാര്‍ ദിയസ്‌കോറസ്‌ തിരുമേനി ഉദ്‌ഘാടന പ്രസംഗത്തില്‍- യുവതലമുറയ്‌ക്ക്‌ നന്മപകരുന്ന ഭദ്രാസനമായി വളരുന്നതില്‍ അഭിമാനിക്കുന്നു. മറ്റുള്ളവരെ കരുതുവാന്‍ നമുക്ക്‌ ശക്തി ലഭിക്കട്ടെ. ഫാമിലി കോണ്‍ഫറന്‍സ്‌ ഉദ്‌ഘാടനം ചെയ്‌തതായി പ്രഖ്യാപിക്കുന്നു- അദ്ദേഹം പറഞ്ഞു.

ഭദ്രാസന സെക്രട്ടറി വെരി റവ. ഏബ്രഹാം കടവില്‍ കോര്‍എപ്പിസ്‌കോപ്പ സ്വാഗത പ്രസംഗത്തില്‍- ഭദ്രാസനത്തോടുള്ള സ്‌നേഹവും കൂറും കുരുതമുള്ള നിങ്ങളെ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി പറഞ്ഞു. ഭദ്രാസന ജോയിന്റ്‌ സെക്രട്ടറി ഫാ. പോള്‍ തോട്ടയ്‌ക്കാട്ട്‌ എം.സിയായിരുന്നു. ട്രഷറര്‍ സാജു പൗലോസ്‌ മാരോത്ത്‌ വേദിയില്‍ സന്നിഹിതനായിരുന്നു.

ഭദ്രാസന പ്രസിദ്ധീകരണമായ `മലങ്കരദീപ'ത്തിന്റെ പ്രകാശനം അഭിവന്ദ്യ കുര്യാക്കോസ്‌ മാര്‍ ദിയസ്‌കോറസ്‌, അഭിവന്ദ്യ തീത്തോസ്‌ തിരുമേനിക്ക്‌ ആദ്യപ്രതി നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. ചീഫ്‌ എഡിറ്റര്‍ മനോജ്‌ ജോണ്‍ നന്ദി പറഞ്ഞു. ബിജു ചെറിയാന്‍, ജോയി ഇട്ടന്‍, ബാബു ജേക്കബ്‌ എന്നീ എഡിറ്റോറിയല്‍ അംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.

ജൂലൈ 21-ന്‌ വൈകുന്നേരം 5.30-ന്‌ ഹഡ്‌സണ്‍വാലി റിസോര്‍ട്ടില്‍ പാത്രിയര്‍ക്കാ പതാക അഭിവന്ദ്യ തീത്തോസ്‌ തിരുമേനി ഉയര്‍ത്തിയതോടെ ചതുര്‍ദിന കോണ്‍ഫറന്‍സിന്‌ തുടക്കമായി. ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളുടെ നേതൃത്വത്തിലാണ്‌ കോണ്‍ഫറന്‍സ്‌ നടക്കുന്നത്‌. വെള്ളി, ശനി ദിവസങ്ങളില്‍ വിവിധ പരിപാടികള്‍ നടക്കും. ഞായറാഴ്‌ച വിശുദ്ധ കുര്‍ബാനയോടെ കോണ്‍ഫറന്‍സ്‌ സമാപിക്കും.
മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ ഫാമിലി കോണ്‍ഫറന്‍സിന്‌ തിരിതെളിഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക