Image

`നായിക'യിലെ നായിക

Published on 21 July, 2011
`നായിക'യിലെ നായിക
`നായിക' എന്നത്‌ ജയരാജ്‌ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്‌. പേരില്‍ തന്നെ ഈ സിനിമ എന്തെന്ന്‌ പ്രേക്ഷകന്‌ മനസിലാകും. ഈ സിനിമ ഒരു നായികയുടെ കഥയാണ്‌. നായികയെ അവതരിപ്പിക്കുന്നത്‌ ശാരദയും പത്മപ്രീയയും.

അഭ്രപാളിയില്‍ തിളങ്ങി നിന്ന നായികമാര്‍. അവര്‍ അവരുടെ ഒരു സുവര്‍ണ്ണകാലത്ത്‌ ചലച്ചിത്ര ലോകത്ത്‌ മിന്നിത്തിളങ്ങി നില്‍ക്കുന്നവര്‍. പക്ഷെ നായകന്‍മാരില്‍ നിന്നും വ്യത്യസ്‌തമായി കാലത്തിന്റെ ഇരകളാണ്‌ നായികമാര്‍. പുതിയ നായികമാര്‍ എത്തുമ്പോള്‍ പഴയവര്‍ കാമറക്ക്‌ മുമ്പില്‍ നിന്നും ഒഴിവാക്കപ്പെടുന്നു. പിന്നെ അവര്‍ പ്രേക്ഷകന്റെ ഓര്‍മ്മകള്‍ മാത്രമാകുന്നു. പക്ഷെ നായകന്‍മാര്‍ കാലം ചെല്ലുന്നതോറും സൂപ്പര്‍താരവും, മെഗാതാരവുമൊക്കെയായി വളരുകയും ചെയ്യും. അപ്പോള്‍ നായിക ആരുമറിയാതെ സിനിമയില്‍ നിന്നും മറഞ്ഞിട്ടുണ്ടാവും.

ഇവിടെയും ഒരു പ്രശ്‌നമുണ്ട്‌. പ്രേക്ഷകന്റെ മനസിലുള്ള നായികയുടെ രൂപവും ഭാവവും അവര്‍ തിളങ്ങി നിന്ന സൂവര്‍ണ്ണകാലത്തേത്‌ ആയിരിക്കും. വെള്ളിത്തിരയില്‍ നിന്നും വിടവാങ്ങിയ നായികയുടെ പിന്നീടുള്ള കാലങ്ങള്‍ ആരും അറിയാറില്ല. ഒരു സുവര്‍ണ്ണ കാലത്ത്‌ തിളങ്ങി നിന്നവര്‍ പിന്നീട്‌ എവിടേക്ക്‌ യാത്രയായെന്ന്‌ അവരെ അതുവരെ സ്‌നേഹിച്ച സിനിമാലോകം പോലും തിരക്കാറില്ല.

ചിലര്‍ കുടുംബത്തോടൊപ്പം സന്തോഷത്തോടെ ജീവിക്കുന്നു. ചിലര്‍ മോഹിച്ച കുടുംബ ജീവിതം ലഭിക്കാതെ വേര്‍പിരിഞ്ഞ്‌ ഒറ്റക്ക്‌ താമസിക്കുന്നു. ഗ്ലാമറിന്റെ ലോകത്ത്‌ കത്തി നിന്നവര്‍ ആത്മീയതയിലേക്കും ധ്യാനത്തിലേക്കും വഴിമാറിയ കഥകളും നിരവധിയാണ്‌. ചിലര്‍ സമ്പാദിച്ചതെല്ലാം നഷ്‌ടപ്പെട്ട്‌ പട്ടിണിയുമായി ജീവിക്കുന്ന കാഴ്‌ച കോടമ്പാക്കത്ത്‌ ഇപ്പോഴും കാണാം.

ചലച്ചിത്രകാരന്‍മാര്‍ സിനിമക്കുള്ളിലേക്ക്‌ കാമറകള്‍ വെച്ചപ്പോഴൊക്കെ നായികമാരുടെ ജീവിതവും സിനിമയായിട്ടുണ്ട്‌. ഇന്ത്യന്‍ സിനിമയില്‍ കത്തി നിന്ന്‌ ഗ്ലാമര്‍ കൊടുമുടിയിലെത്തി പിന്നീട്‌ സ്വയം ജീവനൊടുക്കിയ സില്‍ക്ക്‌ സ്‌മിതയുടെ ജീവിതം ബോളിവുഡില്‍ സിനിമയാകുകയാണിപ്പോള്‍. അതുപോലെ തന്നെ രഞ്‌ജിത്തിന്റെ തിരക്കഥ എന്ന ചിത്രത്തിലും പ്രീയാമണിയുടെ കഥാപാത്രത്തിലൂടെ അറിയപ്പെടാതെ അവസാനിക്കുന്ന നായികയുടെ പില്‍ക്കാല ജീവിതം പ്രേക്ഷകര്‍ കണ്ടു.

ഇങ്ങനെയൊരു നായികയുടെ ജീവിതകഥയുമായാണ്‌ ജയരാജ്‌ എത്തുന്നത്‌. നായിക എന്ന്‌ തന്നെ ഈ ചിത്രത്തിന്‌ പേരിടുമ്പോള്‍ സിനിമ അര്‍ഥപൂര്‍ണ്ണമാകുന്നു. മലയാള സിനിമയിലെ ആദ്യകാല നായികയുടെ രണ്ട്‌ കാലങ്ങളാണ്‌ ഈ സിനിമയിലൂടെ കാണിക്കുന്നത്‌. എഴുപതുകളുടെ അവസാനത്തിലും എണ്‍പതുകളുടെ തുടക്കത്തിലും മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നായികയുടെ കാലം. പിന്നീട്‌ വര്‍ഷങ്ങളോളം ആരുമറിയാതെ ജീവിക്കുകയാണവര്‍. പിന്നീട്‌ മധ്യവയസ്‌ പിന്നിട്ട അവരുടെ ജീവിതത്തിലേക്ക്‌ കടന്നു ചെല്ലുകയാണ്‌ നായിക എന്ന ചിത്രത്തിന്റെ തിരക്കഥ.

മലയാള സിനിമയിലെ ആദ്യകാല നായിക ശാരദ ഈ സിനിമയിലൂടെ തിരിച്ചെത്തുന്നു. ശാരദ അവതരിപ്പിക്കുന്ന നായികാകഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ചു കൊണ്ട്‌ പത്മപ്രീയ ചിത്രത്തിലെ സെന്‍ട്രല്‍ കാരകടര്‍ അവതരിപ്പിക്കുന്നു.

ചിത്രത്തിന്റെ വിശേഷങ്ങളെക്കുറിച്ച്‌ പത്മപ്രീയ സംസാരിക്കുന്നു...

മലയാള സിനിമയിലെ ഒരു വലിയ അധ്യായമാണ്‌ ശാരദ എന്ന നടി. ആ അഭിനേത്രിയുടെ ചെറുപ്പകാലം അഭിനയിക്കാന്‍ കഴിയുക എന്നത്‌ തന്നെ വലിയ ഭാഗ്യമാണ്‌. ജയരാജ്‌ ഈ സിനിമയെക്കുറിച്ച്‌ പറഞ്ഞപ്പോള്‍ ഞാന്‍ അമേരിക്കയിലായിരുന്നു. അപ്പോള്‍ തന്നെ ഈ സിനിമയില്‍ ഞാന്‍ മാത്രമേ അഭിനയിക്കു എന്ന്‌ ജയരാജിനോട്‌ ഞാന്‍ പറഞ്ഞു. ശാരദയുടെ ചെറുപ്പം അഭിനയിക്കാന്‍ കഴിയുക എന്നത്‌ എത്രയോ വലിയ ഭാഗ്യമാണ്‌.

ശാരദയുടെ ചെറുപ്പകാലം അവതരിപ്പിക്കാന്‍ പത്മപ്രീയ തന്നെ തിരഞ്ഞെടുക്കപ്പെടാന്‍ കാരണം?

ഈ കഥാപാത്രത്തിലേക്ക്‌ ജയരാജ്‌ ആലോചിച്ച ഏക നടി ഞാനാണ്‌ എന്നാണ്‌ അദ്ദേഹം എന്നോട്‌ പറഞ്ഞത്‌. ശാരദ എന്ന വലിയ അഭിനേത്രയും ഞാനും തമ്മില്‍ ഒരുപാട്‌ സാമ്യങ്ങളുണ്ട്‌ എന്നാണ്‌ അദ്ദേഹം പറഞ്ഞത്‌.

നായിക എന്ന ചിത്രത്തെക്കുറിച്ച്‌?

ഈ ചിത്രം എന്താണെന്ന്‌ പേരില്‍ തന്നെയുണ്ടല്ലോ. സിനിമയിലെ നായികയുടെ അല്ലെങ്കില്‍ നായികമാരുടെ കഥയാണ്‌ ഇത്‌. പ്രാദേശിക ഭാഷയിലെ നായികമാരുടേത്‌ എന്ന്‌ പറയാം. വിദേശ സിനിമകളില്‍ പ്രത്യേകിച്ചും ഹോളിവുഡിലൊന്നും നായികമാരുടെ പ്രായം ഒരു പ്രശ്‌നമല്ല. അവിടെ സിനിമയും കാരക്‌ടറുകളുമാണ്‌ പ്രധാനം. ബോളിവുഡിലേക്ക്‌ നോക്കു. അവിടെയും മുന്‍നിര നായികമാര്‍ മുപ്പത്‌ കഴിഞ്ഞവരാണ്‌. ഐശ്വര്യാറായ്‌, കാജല്‍, റാണി മുഖര്‍ജി തുടങ്ങിയവര്‍. എന്നാല്‍ മലയാളത്തിലും, തമിഴിലും തെലുങ്കിലുമൊക്കെ എത്തുമ്പോള്‍ കഥ മാറുകയാണ്‌. നായികമാര്‍ അല്‌പായുസ്‌ ഉള്ളവരാണ്‌.

എന്നാല്‍ നായികന്‍മാരുടെ കഥ അങ്ങനെയല്ല. അവര്‍ക്ക്‌ എത്രകാലം വേണമെങ്കിലും നായകന്‍മാരായി തുടരാം. നമ്മുടെ നായകന്‍മാരുടെ കൂടെ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ നായികമാരായി അഭിനയിച്ചവര്‍ പിന്നീട്‌ ഇവരുടെ തന്നെ അമ്മ വേഷങ്ങള്‍ അഭിനയിക്കുന്നു. ഇപ്പോഴത്തെ മലയാളം, തമിഴ്‌ സിനിമകളിലൊക്കെ കാണുന്ന കാഴ്‌ചയാണിത്‌. ചില നായികമാര്‍ എവിടെയെന്നു പോലും ആര്‍ക്കുമറിയില്ല. ഇങ്ങനെയൊക്കെ ഒരുപാട്‌ പ്രത്യേകതകള്‍ ഈ സിനിമക്കുണ്ട്‌. ഈ സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്‌ ദീദി ദാമോദരനാണ്‌. ഒരു സ്‌ത്രീപക്ഷ കാഴ്‌ചയും അങ്ങനെ ഈ ചിത്രത്തിനുണ്ട്‌.

നായികമാര്‍ക്ക്‌ കാലം കുറവാണ്‌ എന്ന്‌ പറഞ്ഞല്ലോ. പത്മപ്രീയ സ്വന്തം കരിയറിനെ എങ്ങനെയാണ്‌ കാണുന്നത്‌?

ഇപ്പോള്‍ ഈ അവസ്ഥ മാറിയിട്ടുണ്ട്‌. വെറുതെ കുറച്ചുകാലം നായികയായി ഏതെങ്കിലും ഒരു ഭാഷയില്‍ അഭിനയിച്ച്‌ തിരിച്ചു പോകേണ്ട സ്ഥിതി ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ക്കില്ല. നമുക്ക്‌ കഴിവുണ്ടെങ്കില്‍ ഇവിടെ എത്ര നാള്‍ വേണമെങ്കിലും പിടിച്ചു നില്‍ക്കാം. തുടര്‍ച്ചയായി സിനിമകളില്‍ അഭിനയിച്ചില്ലെങ്കില്‍ കരിയര്‍ അവസാനിക്കുമെന്ന പേടിയും വേണ്ട. പിന്നെ പല ഭാഷകളില്‍ അഭിനയിക്കാനുള്ള അവസരമുണ്ട്‌. കഴിഞ്ഞ വര്‍ഷം ഞാന്‍ സ്‌ട്രൈക്കര്‍ എന്ന ബോളിവുഡ്‌ സിനിമയില്‍ അഭിനയിച്ചു. ഇപ്പോള്‍ ഞാന്‍ നായികയാവുന്ന ബംഗാളി ചിത്രം ഷൂട്ടിംഗ്‌ നടക്കുകയാണ്‌. കന്നഡ, തെലുങ്ക്‌ ഭാഷകളിലൊക്കെ അഭിനയിക്കുന്നുണ്ട്‌.

വിവാഹം കഴിയുമ്പോള്‍ നായികമാര്‍ കരിയര്‍ അവസാനിപ്പിക്കുകയാണ്‌ പതിവ്‌?

ഇവിടെ മലയാളത്തിലൊക്കെയല്ലേ ആ പതിവുള്ളത്‌. ഹിന്ദിയില്‍ അങ്ങനെയൊരു രീതിയില്ലല്ലോ. വിവാഹത്തിന്‌ ശേഷം കജോലും, ഐശ്വര്യയുമൊക്കെ അഭിനയിക്കുന്നു. ഓടി നടന്ന്‌ അഭിനയിക്കുന്ന രീതി അവസാനിപ്പിച്ചേക്കാം. പക്ഷെ സിനിമ അവസാനിപ്പിക്കേണ്ട കാര്യമില്ല. സിനിമ ഏറ്റവും നല്ല പ്രൊഫഷനായിട്ടാണ്‌ ഞാന്‍ കാണുന്നത്‌. പിന്നെ എപ്പോഴും അഭിനയം മാത്രമാണ്‌ ഈ സിനിമയിലെ കരിയര്‍ എന്ന്‌ ഞാന്‍ കരുതുന്നില്ല. കാമറക്ക്‌ പിന്നിലും മേഖലകളുണ്ടല്ലോ.

പക്ഷെ നായികമാര്‍ക്ക്‌ പൊതുവേ സിനിമക്കുള്ളില്‍ സ്വാതന്ത്രം കുറവാണ്‌. ഇവിടെ കൂടുതലും ഹീറോയെ കേന്ദ്രകരിച്ചുള്ള സിനിമകളല്ലേ?

അത്‌ എഴുത്തുകാരും സംവിധായകരും ആലോചിക്കേണ്ട കാര്യമാണ്‌. പക്ഷെ ഇപ്പോള്‍ നായികമാരെ കേന്ദ്രകരിച്ചും സിനിമകള്‍ വരുന്നുണ്ട്‌. ഇപ്പോള്‍ ജയരാജിന്റെ നായിക എന്ന ചിത്രം തന്നെ. ഇതൊരു പുതിയ പരീക്ഷണമാണ്‌. ഇവിടെ നായികയാണ്‌ കേന്ദ്രകഥാപാത്രം. ഇങ്ങനെയുള്ള കഥകള്‍ സിനിമയാക്കാനും സംവിധായകര്‍ മുന്നോട്ടു വരട്ടെ.

സ്വാതന്ത്രത്തിന്റെ കാര്യം പറഞ്ഞാല്‍ എനിക്ക്‌ ഒരിക്കലും സിനിമക്കുള്ളില്‍ ഒരു ഒഴിവാക്കലോ, മാറ്റിനിര്‍ത്തലോ അനുഭവപ്പെട്ടിട്ടില്ല. എന്റെ വ്യക്തിത്വം നിലനിര്‍ത്തിക്കൊണ്ടു തന്നെയാണ്‌ ഞാന്‍ കരിയര്‍ മുന്നോട്ടു കൊണ്ടുപോകുന്നത്‌. ലൊക്കേഷനില്‍ കുടുംബത്തെയും കൊണ്ടു വരുന്ന പതിവ്‌ എനിക്കില്ല. എന്റെ കാര്യങ്ങള്‍ നോക്കുന്നതെല്ലാം ഞാന്‍ തന്നെയാണ്‌. സിനിമയുടെ ഗ്ലാമര്‍ മാത്രമല്ല ലൈഫ്‌ എന്ന തിരിച്ചറിവ്‌ എനിക്ക്‌ നേരത്തെ തന്നെയുണ്ട്‌.

മലയാള സിനിമയിലെ പുതിയ വിശേഷങ്ങള്‍?

എന്നെ സംബന്ധിച്ചിടത്തോളം മലയാള സിനിമയില്‍ ഈ വര്‍ഷം നല്ല നേട്ടങ്ങളാണ്‌. ഒന്ന്‌ നായിക എന്ന ഈ ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിയുക. അതും എഴുപതുകളിലെ കാലഘട്ടം പറയുന്ന കഥയിലാണ്‌ ഞാന്‍ അഭിനയിക്കുന്നത്‌. അതിന്റെയൊരു ത്രില്ലുണ്ട്‌. പിന്നെ സത്യന്‍അന്തിക്കാടിന്റെ ചിത്രത്തില്‍ ഞാന്‍ നായികയാവുന്നു. മോഹന്‍ലാലും ഷീലയുമാണ്‌ ആ സിനിമയിലെ പ്രധാന താരങ്ങള്‍. ആ സിനിമയിലും എനിക്ക്‌ വലിയ പ്രതീക്ഷയാണുള്ളത്‌.
`നായിക'യിലെ നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക