Image

ജോസഫിന്‌ കുഴിച്ച കുഴിയില്‍ ജോര്‍ജ്‌ വീഴുമോ

ജി.കെ. Published on 19 July, 2011
ജോസഫിന്‌ കുഴിച്ച കുഴിയില്‍ ജോര്‍ജ്‌ വീഴുമോ
കേരളാ കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ്‌ ചെയര്‍മാനും മന്ത്രിയുമായ പി.ജെ.ജോസഫിനെതിരെ ഉയര്‍ന്ന എസ്‌എംഎസ്‌ വിവാദം കേരളാ കോണ്‍ഗ്രസിന്റെ ഉള്‍പ്പാര്‍ട്ടി രാഷ്‌ട്രീയത്തെ പിടിച്ചു കുലുക്കുകയാണ്‌. ജോസഫിനെതിരെ പാര്‍ട്ടി വൈസ്‌ ചെയര്‍മാനും ചീഫ്‌ വിപ്പുമായ പി.സി.ജോര്‍ജ്‌ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തില്‍ പാര്‍ട്ടിയിലെ ജോര്‍ജ്‌ വിരുദ്ധരും ജോസഫിനെ പിന്തുണയ്‌ക്കുന്നവരും ഒളിഞ്ഞും തെളിഞ്ഞും രംഗത്തുവന്നുകഴിഞ്ഞു. സ്വതസിദ്ധമായ ശൈലിയില്‍ ജോര്‍ജ്‌ അവരെയെല്ലാം ചങ്കൂറ്റത്തോടെ തന്നെ നേരിടുന്നുമുണ്‌ട്‌. എന്നാല്‍ ഈ പോരില്‍ ആരെ തള്ളും ആരെ കൊള്ളുമെന്ന ധര്‍മസങ്കടത്തിലാണ്‌ മാണി സാര്‍. ആരെ തുണച്ചാലും അത്‌ ഭാവിയില്‍ പാര്‍ട്ടിയില്‍ ചിലധ്രുവീകരണങ്ങള്‍ക്ക്‌ വഴിവെക്കുമെന്നും വളരുംതോറും പിളരുന്നവരെന്ന പാര്‍ട്ടിയുടെ നയം ആവര്‍ത്തിച്ചേക്കുമെന്നും മാണി സാര്‍ ഇപ്പോള്‍ ഭയക്കുന്നു.

ജോസഫിനെതിരായ പരാതിക്കു പിന്നില്‍ ജോര്‍ജിന്റെ മന്ത്രിമോഹമാണെന്ന്‌ പാര്‍ട്ടിയിലെ ചിലര്‍ ആരോപണമുന്നയിക്കാന്‍ തുടങ്ങിയിട്ട്‌ കാലം കുറേയായി. ആരോപണത്തില്‍ ജോസഫ്‌ വീഴുമ്പോള്‍ മന്ത്രിസഭയിലേക്ക്‌ സ്വാഭാവിക ചോയ്‌സായി താന്‍ കടന്നുവരുമെന്ന ജോര്‍ജിന്റെ കണക്കുക്കൂട്ടലാണ്‌ ഇതിനു പിന്നിലെന്നും ജോസഫിനെ പിന്തുണയ്‌ക്കുന്നവര്‍ ആരോപിക്കുമ്പോള്‍ സ്ഥാനങ്ങള്‍ കിട്ടാത്ത ചിലരാണ്‌ ആരോപണത്തിന്‌ പിന്നിലെന്ന വാദവുമായി ജോര്‍ജും അരങ്ങ്‌ കൊഴുപ്പിക്കുകയാണ്‌.

പി.ജെ.ജോസഫുമായി തെറ്റിപ്പിരിഞ്ഞ്‌ സെക്യുലര്‍ കേരളാകോണ്‍ഗ്രസ്‌ ഉണ്‌ടാക്കിയതുമുതല്‍ ജോസഫിനെ കണ്ണുംപൂട്ടിവിമര്‍ശിക്കാന്‍ പി.സി.ജോര്‍ജ്‌ ഒരിക്കലും മടിച്ചിരുന്നില്ല എന്നത്‌ ഒരു യാഥാര്‍ഥ്യമാണ്‌. പിന്നീട്‌ മാണി സാറുടെ ലാവണത്തിലെത്തിയപ്പോഴും പി.ജെ.ജോസഫ്‌ മാണി സാറുടെ തൊഴുത്തിലേക്ക്‌ വരുമെന്ന്‌ പി.സി.ജോര്‍ജ്‌ സ്വപ്‌നേനി കരുതിയിരുന്നില്ല. എന്നാല്‍ മാണി സാറുടെ കുഞ്ഞാടായി ജോസഫ്‌ വരികയും ജോര്‍ജിന്റെ തലയ്‌ക്കുമുകളില്‍ ചെയര്‍മാനാവുകയും ചെയ്‌തത്‌ പില്‍ക്കാല ചരിത്രം. അതുകൊണ്‌ടുതന്നെ ഇപ്പോള്‍ ജോര്‍ജിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളില്‍ കഴമ്പുണ്‌ടെന്ന്‌ ജോസഫിന്റെ കൂടെയുള്ളവര്‍ ഉറച്ചുവിശ്വസിക്കുന്നു.

യുഡിഎഫ്‌ മന്ത്രിസഭ അധികാരമേല്‍ക്കുന്നതിന്‌ തൊട്ടുമുമ്പാണ്‌ ജോസഫിനെതിരായ ആരോപണം മുഴങ്ങിയതെന്നതും ശ്രദ്ധേയമാണ്‌. എന്നാല്‍ അന്ന്‌ അതിനെ സമര്‍ഥമായി അതിജീവിച്ച ജോസഫ്‌ മന്ത്രിക്കസേരയിലിരുന്ന്‌ ഭരണം തുടങ്ങി. മന്ത്രിസ്ഥാനുവും സ്‌പീക്കര്‍ സ്ഥാനവും കിട്ടാതെ ഗതികിട്ടാ പ്രേതംപോലെ അലഞ്ഞ ജോര്‍ജിനെ ഒടുവില്‍ ചീഫ്‌ വിപ്പിന്റെ കസേരയിലിരുത്തി ഒന്നു തളച്ചെന്ന്‌ മാണിസാര്‍ കരുതുമ്പോഴാണ്‌ പാര്‍ട്ടിയില്‍ വീണ്‌ടും പൊട്ടലും ചീറ്റലും ഉയര്‍ന്നിരിക്കുന്നത്‌.

ഈ മാസം 21ന്‌ കേരളാ കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ്‌ കമ്മിറ്റി യോഗം കോട്ടയത്ത്‌ ചേരുമ്പോള്‍ ജോര്‍ജിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ്‌ മോന്‍സ്‌ ജോസഫിനെയും ഫ്രാന്‍സിസ്‌ ജോര്‍ജിനെയും ആന്റണി രാജുവിനെയും പോലുള്ളവര്‍ കരുതുന്നത്‌. ജോര്‍ജിനെ മാണി സാര്‍ കൈപിടിച്ച്‌ കൊണ്‌ടുവന്നതോടെ പ്രാധാന്യം നഷ്‌ടമായവരും മന്ത്രിസ്ഥാനം കിട്ടാകനിയായവരും ഇവര്‍ക്കു പിന്നില്‍ അണിനിരക്കുന്നുണ്‌ട്‌. കേരളാ കോണ്‍ഗ്രസില്‍ യഥാര്‍ത്ഥത്തില്‍ ലയനം നടന്നോ എന്നുപോലും സംശയിക്കുന്ന രീതിയിലാണ്‌ കാര്യങ്ങളുടെ പോക്ക്‌.

എന്നാല്‍ തനിക്കെതിരെ പരാതി ഉന്നയിച്ച ആളുടെ പൂര്‍വകാലചരിത്രം തന്നെയാണ്‌ പാര്‍ട്ടിയിലെ വിമതരെ നേരിടാന്‍ ജോര്‍ജിന്‌ കരുത്താകുന്നത്‌. ജോസഫിനെതിരെ പരാതിയുമായി രംഗത്തെത്തിയ തൊടുപുഴ സ്വദേശി ജയ്‌മോന്‍ അഞ്ചുവിവാഹം കഴിച്ച വിവാഹത്തട്ടിപ്പു വീരനാണ്‌. ജോസഫിനെതിരെ ഇപ്പോള്‍ പരാതി ഉന്നയിച്ച സുരഭീ ദാസ്‌ എന്ന യുവതിയുമായാണ്‌ ഇയാള്‍ക്ക്‌ നാലാമതയി ബന്ധമുണ്‌ടായിരുന്നത്‌. ഇക്കാലത്ത്‌ എത്തിക്‌സ്‌ ഇന്ത്യ ഗ്രൂപ്പ്‌ പ്രസിദ്ധീകരണമായ `ട്രൂശബ്ദത്തില്‍' പ്രവര്‍ത്തിച്ചിരുന്ന ജയ്‌മോന്‍ പ്രസിദ്ധീകരണത്തിലെ അഭിമുഖത്തിന്‌ വേണ്‌ടി ജോസഫിനെ തന്റെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പിന്നീട്‌ പലതവണ ജോസഫുമായി ഫോണില്‍ ബന്ധപ്പെട്ടു.

അതിന്‌ ശേഷം ഇപ്പോള്‍ പരാതി ഉന്നയിച്ച സുരഭീ ദാസ്‌ ഈ ഫോണ്‍ ഉപയോഗിക്കുന്ന കാലത്താണ്‌ ജോസഫ്‌ അശ്ലീല സന്ദേശമയച്ചുവെന്ന പരാതി ഉയരുന്നത്‌. ജോസഫിന്റെ പൂര്‍വകാലചരിത്രം നന്നായി അറിയാവുന്ന ജയ്‌മോന്‍ തന്റെ ഭാര്യയുടെ ഫോണിലേക്ക്‌ പി.ജെ.ജോസഫ്‌ അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നും അശ്ലീല സംഭാഷണം നടത്തിയെന്നുമുള്ള പേരില്‍ പരാതി നല്‍കി ബ്ലാക്‌മെയ്‌ല്‍ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നുവെന്ന്‌ ജോര്‍ജ്‌ സമര്‍ഥിക്കുന്നു.

ഇതിനുശേഷം ഇയാളെ അഞ്ചാം വിവാഹം കഴിക്കാനുള്ള ശ്രമത്തിനിടെ പോലീസ്‌ അറസ്റ്റു ചെയ്‌തു. അപ്പോള്‍ മാത്രമാണ്‌ ജോസഫിനെതിരായ പരാതിക്കു പിന്നില്‍ പി.സി.ജോര്‍ജ്‌ ഗൂഢാലോചന നടത്തിയെന്ന്‌ ആരോപിച്ച്‌ ഇയാള്‍ കേസില്‍ കൂറുമാറുന്നത്‌. അഞ്ചാം വിവാഹം മുടക്കിയ തന്നോടുള്ള പ്രതികാരം തീര്‍ക്കുകയായിരുന്നു ഇയാളെന്ന്‌ ജോര്‍ജ്‌ വാദിക്കുന്നു. തന്നെ കബളിപ്പിച്ച ഭര്‍ത്താവ്‌ കൂറുമാറിയെങ്കിലും പരാതിയില്‍ ഉറച്ചുനില്‍ക്കുമെന്നാണ്‌ സുരഭീ ദാസ്‌ പറയുന്നത്‌. എന്നാല്‍ മകന്റെ മന്ത്രിമോഹം വൃഥാവിലാവുകയും ബജറ്റിനെതിരെ കോണ്‍ഗ്രസ്‌ പരസ്യമായി ഉടക്കുകയും ചെയ്‌തു നില്‍ക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കാനോ അഭിപ്രായം പറയാനോ കഴിയാത്ത മാനസികാവസ്ഥയിലാണ്‌ മാണി സാര്‍ ഇപ്പോള്‍.

21ന്‌ ചേരുന്ന വര്‍ക്കിംഗ്‌ കമ്മിറ്റി യോഗത്തില്‍ മകന്‌ കേന്ദ്രമന്ത്രിസ്ഥാനം നല്‍കാത്തതിന്റെ പേരില്‍ കോണ്‍ഗ്രസിനെ സമ്മര്‍ദ്ദിത്തിലാക്കാനുള്ള തന്ത്രങ്ങള്‍ക്ക്‌ കോപ്പുകൂട്ടാമെന്ന്‌ മാണി സാര്‍ കണക്കുക്കൂട്ടിയിരിക്കെയാണ്‌ പാര്‍ട്ടിയിലെ ഈ ഉരുള്‍പൊട്ടല്‍ എന്നതും ശ്രദ്ധേയമാണ്‌. മാണി സാര്‍ കടുപിടുത്തം തുടര്‍ന്നാല്‍ അറ്റകൈയ്‌ക്ക്‌ പി.ജെ.ജോസഫിനെ കൂടെ നിര്‍ത്തി മാണിയെ കൈയൊഴിയാന്‍ കോണ്‍ഗ്രസ്‌ നേതൃത്വം തുനിഞ്ഞേക്കുമെന്ന്‌ സൂചനകളുണ്‌ടായിരുന്നെങ്കിലും അതിനുള്ള സാധ്യത വിരളമാണ്‌. കാരണം ജോസഫിനെയും മാണിയെയും ലയിപ്പിക്കാന്‍ മുന്‍കൈയെടുത്ത്‌ കാതോലിക്ക സഭ ആണെന്നതു തന്നെ. അതുകൊണ്‌ട്‌ കേരളാ കോണ്‍ഗ്രസിലെ ഉള്‍പ്പാര്‍ട്ടി പോര്‌ തല്‍ക്കാലം ഉമ്മന്‍ ചാണ്‌ടി സഹിക്കുകയേ നിവൃത്തിയുള്ളു.

ആകെ കൂടി നോക്കുമ്പോള്‍ കേരളാ കോണ്‍ഗ്രസ്‌ ഇപ്പോള്‍ അസംതൃപ്‌തരുടെ കൂടാരമാണ്‌. ഫ്രാന്‍സിസ്‌ ജോര്‍ജിനും ആന്റണി രാജുവിനും നിയമസഭയിലേക്ക്‌ പോലും സീറ്റ്‌ കിട്ടാത്തതിന്റെ അസംതൃപ്‌തി. പി.സി.ജോര്‍ജിന്‌ മന്ത്രിസ്ഥാനം കിട്ടാത്തതിന്റെ അസംതൃപ്‌തി. തോമസ്‌ ഉണ്ണിയോടനും കെ.എന്‍.ജയരാജനും ഡെപ്യൂട്ടി സ്‌പീക്കര്‍ സ്ഥാനമെങ്കിലും കിട്ടാത്തതിന്റെ അസംതൃപ്‌തി. സാക്ഷാല്‍ മാണി സാറിനാകട്ടെ മകന്‌ മന്ത്രിസ്ഥാനം കിട്ടാത്തതിന്റെ ഏറ്റവും വലിയ അസംതൃപ്‌തി. ഈ അസംതൃപ്‌തികള്‍ കേരളാ കോണ്‍ഗ്രസിനെ വീണ്‌ടും വളര്‍ത്തുമോ എന്നാണ്‌ ഇപ്പോള്‍ ഏവരും ഉറ്റു നോക്കുന്നത്‌. എന്തായാലും വര്‍ക്കിംഗ്‌ കമ്മിറ്റി യോഗം കഴിയുന്നതുവരെ കാത്തിരിക്കാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക