Image

യുവാക്കള്‍, തലമുറയുടെ തായ്‌വേരുകള്‍

മണ്ണിക്കരോട്ട്‌ Published on 09 July, 2011
യുവാക്കള്‍, തലമുറയുടെ തായ്‌വേരുകള്‍
യുവാക്കള്‍ സമൂഹത്തിന്റേയും തലമുറകളുടേയും ശക്തിയും തായ്‌വേരുമാണെന്നുള്ള സത്യം ഏവരും തലകുലുക്കി സമ്മതിക്കുമെന്നുള്ളതിന്‌ സംശയമില്ല. ഈ യുവത്വമാണ്‌ തലമുറകളിലൂടെ പൈതൃകം വളര്‍ത്തേണ്ടതും നിലനിര്‍ത്തേണ്ടതും. എന്നാല്‍ യുവാക്കളെ അവഗണിച്ചുകൊണ്ട്‌ സ്ഥാനമോഹികളായ വയസ്സവയോധികരുടെ പിടിയില്‍ അധികാരവും അവകാശവും ഞെരിഞ്ഞമരുമ്പോള്‍ യുവത്വം വഴിമാറുന്നു. പൈതൃകം വഴിതെറ്റി വഴുതിപ്പോകുന്നു. ദീര്‍ഘദൃഷ്ടിയില്ലാത്ത, കാലത്തിന്റെ മാറ്റം മനസ്സിലാക്കാത്ത സ്ഥാനമോഹികള്‍ അതൊന്നും ഗൗനിക്കാതെ നൈമിഷികമായ തിളക്കത്തില്‍ മുങ്ങിമയങ്ങി മത്താടുന്നു.

അമേരിക്കയിലെ മലയാള പൈതൃകത്തെ സംബന്ധിച്ചിടത്തോളം ഇത്‌ വളരെ ആപത്‌ക്കരമായ ഒരു സമസ്യയാണ്‌. ജന്മനാട്ടിലും മേല്‍പ്പറഞ്ഞ പ്രവണത ആരോഗ്യപരമല്ലെങ്കിലും ഇന്ന്‌ അമേരിക്കയിലാണ്‌ ഈ പ്രവണതയ്‌ക്ക്‌ കൂടുതല്‍ പ്രസക്തി. കാരണം ഈ രീതി തുടര്‍ന്നാല്‍ മലയാള പൈതൃകം അമേരിക്കയില്‍ അന്യം നിന്നുപോകാന്‍ അധികം കാലം വേണ്ടിവരില്ല. അതിനു മാറ്റമുണ്ടാകണമെങ്കില്‍ കുടുംബത്തില്‍ തുടങ്ങുന്ന പൈതൃക പരിശീലനം പങ്കുവയ്‌ക്കാനും നിലനിര്‍ത്താനും സമൂഹത്തില്‍ സന്ദര്‍ഭമുണ്ടാകണം. ഈ സന്ദര്‍ഭം ഇന്ന്‌ യവുജനങ്ങള്‍ക്ക്‌ ലഭ്യമാകുന്നുണ്ടോ? അതാണ്‌ ചിന്തിക്കാനുള്ളത്‌.

അമേരിക്കയിലും മറ്റെങ്ങുംപോലെ ധാരാളം സാമൂഹ്യ-സാംസ്‌ക്കാരിക സംഘടനകളുണ്ട്‌ (മറ്റ്‌ നിരവധി സംഘടനകളുള്ളത്‌ ഇവിടെ വിഷയമാക്കുന്നില്ല). ഈ സാമൂഹ്യ-സാംസ്‌ക്കാരിക സംഘടകള്‍ക്കുപരി കേന്ദ്രസംഘടനകള്‍ എന്നപേരില്‍ മഹാസംഘടനകളുമുണ്ട്‌. എന്നാല്‍ ഇതൊക്കെയും യുവജനങ്ങള്‍ക്ക്‌ എന്ത്‌ പ്രാതിനിദ്ധ്യമാണ്‌ അനുവദിക്കുന്നത്‌? എല്ലാം രണ്ടാം തലമുറയ്‌ക്കുവേണ്ടിയാണ്‌ ചെയ്യുന്നതെന്ന മുറവിളി മുഴങ്ങുമ്പേഴും എങ്ങും എവിടെയും യുവജനങ്ങള്‍ തള്ളപ്പെടുകയാണ്‌ ചെയ്യുന്നത്‌. മതപ്രസ്ഥാനങ്ങളിലും അനുഭവം മറിച്ചല്ല.

അതുകൊണ്ടായിരിക്കാം അടുത്തകാലത്തെ ഏതൊരു പൊതുപരിപാടിയിലും യുവജനങ്ങളുടെ സാന്നിദ്ധ്യംപോലും അന്യമായിക്കൊണ്ടിരിക്കുന്നത്‌. കറതീര്‍ന്ന മലയാളികളുടെ സന്താനങ്ങള്‍, അടുത്ത തലമുറയുടെ തായ്‌വേരുകള്‍, പൈതൃകം നിലനിര്‍ത്തേണ്ടവര്‍ അവരാണ്‌ ഒഴുഞ്ഞുനില്‍ക്കുന്നത്‌. അഥവാ ആരുടെയെങ്കിലും നിര്‍ബന്ധത്തിനു വഴങ്ങിയാല്‍തന്നെ അവര്‍ അവരുടെതായ ലോകത്തായിരിക്കും. പലപ്പോഴും പുച്ഛത്തോടെയായിരിക്കും പലതിലും പങ്കെടുക്കുന്നത്‌. കാരണം അവര്‍ക്ക്‌ അത്തരത്തിലുള്ള അനുഭവമാണ്‌ ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌.

ഈ പ്രവണതയ്‌ക്ക്‌ ഒരു സമൂലമാറ്റം അനിവാര്യമാണ്‌. ഫൊക്കാനയുടെ ആദ്യകാലങ്ങളില്‍ യുവജനങ്ങള്‍ക്ക്‌ വേണ്ടത്ര പ്രാതിനിദ്ധ്യം കൊടുത്തിട്ടുണ്ട്‌. ക്രമേണ അതെല്ലാം അടഞ്ഞ അദ്ധ്യായമായി പരിണമിച്ചു. ഒരിക്കല്‍ തലപ്പത്ത്‌ കയറിക്കൂടിയാല്‍ പിന്നെ എല്ലാം തറവാട്ടു സ്വൊത്തെന്ന ഭാവേന അവിരാമം തുടരുമ്പോള്‍ വളര്‍ച്ചയും തുടര്‍ച്ചയും നിശ്ചലമാകുന്നു. അങ്ങനെയുള്ളവര്‍ മുടിഞ്ഞ തറവാട്ടിലെ കാരണവന്മാര്‍ ചെയ്‌തതുപോലെ തങ്ങളുടെ പിടിവാശിയ്‌ക്കും ഭ്രമങ്ങള്‍ക്കും സ്ഥാപിതതാല്‌പര്യങ്ങള്‍ക്കും താല്‍ക്കാലിക നേട്ടങ്ങള്‍ക്കും ചേര്‍ന്ന കൂട്ടരെ കൂട്ടി എല്ലാം എപ്പോഴും പിടിയിലൊതുക്കി മുന്നേറാന്‍ ശ്രമിക്കുമ്പോള്‍ സംഘടന പിളരുന്നു. യുവജനങ്ങള്‍ തള്ളപ്പെടുന്നു. ക്രമേണ അവര്‍ മലയാളികളുടെ പരിപാടികളില്‍നിന്ന്‌ അപ്രത്യക്ഷമാകുന്നു. കാരണം അവരുടെ സമയം വിലപ്പെട്ടതാണ്‌. അത്‌ അവര്‍ക്ക്‌ നഷ്ടപ്പെടുത്താനുള്ളതല്ല.

2012 കണ്‍വന്‍ഷനില്‍ ഒരു ദിവസം യുവജനങ്ങള്‍ക്കായി മാറ്റിവച്ചിട്ടുണ്ട്‌? എന്ന ഫൊക്കാന പ്രസിഡന്‍ഡ്‌ ജി.കെ. പിള്ളയുടെ പ്രസ്‌താവന സ്വാഗതാര്‍ഹമാണ്‌. എന്നാല്‍ പ്രസ്‌താവനകളും പ്രവര്‍ത്തികളും അധീശശക്തിയ്‌ക്ക്‌ അടിമപ്പെടാതെ, അണിയറ നേതാക്കളുടെ കസേരകളിയില്‍ കടലാസുരേഖയായി മാറാതെ സ്വതന്ത്രമായി മുന്നേറാന്‍ കഴിയണം

യുവജനങ്ങളെ മുഖ്യധാരിയില്‍ തിരിച്ചെത്തിയ്‌ക്കാന്‍ നേതൃത്വം മുമ്പോട്ടു വരണം. എല്ലാം എപ്പോഴും തങ്ങള്‍തന്നെ കയ്യടക്കി വയ്‌ക്കണമെന്ന കാരണവന്മാരുടെ പിടിവാശിയ്‌ക്ക്‌ അയവുവരുത്തണം. യുവജനങ്ങള്‍ക്ക്‌ അര്‍ഹിക്കുന്ന പ്രാതിനിദ്ധ്യം കൊടുക്കണം. അമേരിക്കയിലെ സമൂഹത്തിലും സാഹചര്യത്തിലും വളരുന്ന യുവാക്കളൊട്‌ സാംസ്‌ക്കാരികമായ അന്തസ്സോടും അര്‍ഹിക്കുന്ന ബഹുമാനം കൊടുത്തും ഇടപെടെണം. അതിന്‌ സാംസ്‌ക്കാരിക ബോധമുള്ള നേതാക്കള്‍ സംഘടനയെ നയിക്കണം. അപ്പോള്‍ അമേരിക്കയില്‍ മലയാള പൈതൃകം ഒരു പരിധിവരെയെങ്കിലും നിലനിര്‍ത്താന്‍ കഴിയമെന്ന്‌ പ്രതീക്ഷിയ്‌ക്കാം.
യുവാക്കള്‍, തലമുറയുടെ തായ്‌വേരുകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക