Image

ലോസ്‌ആഞ്ചലസില്‍ എസ്‌.എം.സി.സി ഫാദേഴ്‌സ്‌ ഡേ ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 25 June, 2011
ലോസ്‌ആഞ്ചലസില്‍ എസ്‌.എം.സി.സി ഫാദേഴ്‌സ്‌ ഡേ ആഘോഷിച്ചു
ലോസ്‌ആഞ്ചലസ്‌: സാന്റാഅന്നായിലെ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസ്‌ രണ്ടുദിവസം നീണ്ടുനിന്ന ഫാദേഴ്‌സ്‌ ഡേ ആഘോഷങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി.

ലോസ്‌ആഞ്ചലസ്‌, ഓറഞ്ച്‌, റിവര്‍സൈഡ്‌, സാന്റിയാഗോ, സാന്‍ ബര്‍നാഡിനോ എന്നീ കൗണ്ടികളില്‍ നിന്നായി മുന്നൂറില്‍പ്പരം പേര്‍ പങ്കെടുത്ത പിക്‌നിക്ക്‌ സെറീറ്റോസിലുള്ള പ്രസിദ്ധമായ ഹെറിറ്റേജ്‌ പാര്‍ക്കില്‍ നടന്നു.

ആദ്യ ദിവസമായ ശനിയാഴ്‌ച രാവിലെ ഇടവക നടന്ന ആഘോഷങ്ങള്‍ വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലക്കാപ്പറമ്പില്‍ ഉദ്‌ഘാടനം ചെയ്‌തു. കേരളത്തിനിമയിലുള്ള പ്രഭാത ഭക്ഷണവും, വിഭവസമൃദ്ധമായ ബാര്‍ബിക്യൂവും, സസ്യേതര വിഭവങ്ങളും കുട്ടികള്‍ക്കായി പ്രത്യേക ഭക്ഷണങ്ങളും ഒരുക്കിയിരുന്നു.

ജിമ്മി ജോസഫിന്റെ നേതൃത്വത്തില്‍ വിവിധ കായിക മത്സരങ്ങളും കൂടാതെ വോളിബോള്‍, പഞ്ചഗുസ്‌തി, ചീട്ടുകളി എന്നിവയും നടന്നു. കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ മെമ്മോറിയല്‍ ട്രോഫിക്കുവേണ്ടിയുള്ള വോളീബോള്‍ മത്സരത്തില്‍ സതേണ്‍ കാലിഫോര്‍ണിയയിലെ വിവിധ ടീമുകളെ പിന്തള്ളി വാലി സ്‌പോര്‍ട്‌സ്‌ ആന്‍ഡ്‌ ആര്‍ട്‌സ്‌ ക്ലബ്‌ വിജയികളായി.

പഞ്ചഗുസ്‌തി മത്സരത്തില്‍ കഴിഞ്ഞവര്‍ഷത്തെ ജേതാവും എസ്‌.എം.സി.സി. സാന്റാ അന്നാ ചാപ്‌റ്റര്‍ ട്രഷററുമായ സെബാസ്റ്റ്യന്‍ വെള്ളൂക്കുന്നേല്‍ വിജയകരീടമണിഞ്ഞു.

റാഫിള്‍ നറുക്കെടുപ്പില്‍ സാബ്‌ ട്രാവല്‍സ്‌ മാനേജിംഗ്‌ പാര്‍ട്ട്‌ണര്‍ ജോസ്‌ കല്ലുങ്കലും, ബെന്നി പീറ്ററും നേടി. വിജയികള്‍ക്കുള്ള ട്രോഫികളും സമ്മാനങ്ങളും ബ. സെബാസ്റ്റ്യനച്ചന്‍ വിതരണം ചെയ്‌തു. ഗ്രാന്റ്‌ സ്‌പോണ്‍സര്‍മാരായ രാജൂ ഏബ്രഹാമും മാത്യു തോമസുമാണ്‌ ട്രോഫികള്‍ സ്‌പോണ്‍സര്‍ ചെയ്‌തത്‌.

സെക്രട്ടറി ബൈജു വിതയത്തില്‍ സ്വാഗതവും പ്രസിഡന്റ്‌ ജോണ്‍സണ്‍ വണ്ടനാംതടത്തില്‍ നന്ദിയും പറഞ്ഞു. ട്രസ്റ്റിമാരായ ജോസുകുട്ടി പാമ്പാടി, ഷാജി തോമസ്‌, കൂടാതെ സണ്ണി നടുവിലേക്കുറ്റ്‌, ടോമി പുല്ലാപ്പള്ളി, മാത്യു കൊച്ചുപുരയ്‌ക്കല്‍, ജോര്‍ജുകുട്ടി പുല്ലുകാലാ, സൈമണ്‍ നീലങ്കാവില്‍, ബെന്നി പീറ്റര്‍, എസ്‌.എം.സി.സി നാഷണല്‍ ട്രഷറര്‍ ജോര്‍ജുകുട്ടി പുല്ലാപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി.

രണ്ടാം ദിവസത്തെ ആഘോഷങ്ങള്‍ ഞായറാഴ്‌ച രാവിലെ വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ചു. ദിവ്യബലി മധ്യേയുള്ള തന്റെ സന്ദേശത്തില്‍, കുട്ടികള്‍ളേക്കുറിച്ചുള്ള സുന്ദരമായ ഓര്‍മ്മകളും സ്വപ്‌നങ്ങളുമായി എത്രയോ ക്ലേശങ്ങളും ത്യാഗങ്ങളും സഹിച്ചാണ്‌ മാതാപിതാക്കള്‍ കുട്ടികളെ വളര്‍ത്തുന്നത്‌. അങ്ങനെയുള്ള കുട്ടികളെ ഒരുകാരണവശാലും പ്രകോപിപ്പിക്കരുത്‌. മക്കള്‍ക്ക്‌ നല്ല മാതാപിതാക്കളെ ലഭിക്കുവാനുള്ള സാഹചര്യം പ്രാര്‍ത്ഥനാപൂര്‍ണ്ണമായ ജീവിതത്തിലൂടെ ഉണ്ടാകണം. സ്‌നേഹവും സന്തോഷവും അഭിമാനവും തോന്നുന്ന ജീവിതം പിതാക്കന്മാര്‍ നയിച്ച്‌, പിതൃത്വത്തിന്റെ നല്ല മാതൃക മക്കള്‍ക്ക്‌ കാണിച്ചുകൊടുത്താല്‍, മക്കളുടെ ഓര്‍മ്മയില്‍ എന്നെന്നും നില്‍ക്കുമെന്ന്‌ അഗസ്റ്റിനച്ചന്‍ ഇടവകാംഗങ്ങളെ ഉത്‌ബോധിപ്പിച്ചു.

വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം റോസാ പുഷ്‌പങ്ങളും, വര്‍ണ്ണമാല്യങ്ങളും അണിയിച്ച്‌ പിതാക്കന്മാരെ ആശീര്‍വദിച്ചു. തുടര്‍ന്ന്‌ കേക്ക്‌ മുറിച്ച്‌ എല്ലാവരും നല്‍കി. വിഭവസമൃദ്ധമായ സ്‌നേഹവിരുന്ന്‌ ഒരുക്കുവാന്‍ വൈസ്‌ പ്രസിഡന്റ്‌ എലിസബത്ത്‌ ജോസഫിന്റെ നേതൃത്വത്തില്‍ ബ്രിജിറ്റ്‌ ലാല്‍, മായ ടീച്ചര്‍, പ്രിന്‍സി ബിജു, മേഴ്‌സി സജി, ഷെറി ഫ്രാന്‍സ്‌, ബിജി ബാബു, ശാരി ജോസഫ്‌, റജി ബിനോയ്‌ എന്നിവരാണ്‌ നേതൃത്വം നല്‍കിയത്‌.
ലോസ്‌ആഞ്ചലസില്‍ എസ്‌.എം.സി.സി ഫാദേഴ്‌സ്‌ ഡേ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക