Image

പ്രസിഡന്‍ഷ്യല്‍ അക്കാഡമിക്‌ എക്‌സലന്‍സ്‌ അവാര്‍ഡ്‌ ഗുഡ്‌വിന്‍ ഫ്രാന്‍സീസ്‌ വടക്കേവീടിന്‌

ജോയിച്ചന്‍ പുതുക്കുളം Published on 22 June, 2011
പ്രസിഡന്‍ഷ്യല്‍ അക്കാഡമിക്‌ എക്‌സലന്‍സ്‌ അവാര്‍ഡ്‌ ഗുഡ്‌വിന്‍ ഫ്രാന്‍സീസ്‌ വടക്കേവീടിന്‌
ഷിക്കാഗോ: അമേരിക്കന്‍ വിദ്യാഭ്യാസവിഭാഗം അഞ്ചാംഗ്രേഡില്‍ പഠിക്കുന്ന കുട്ടികള്‍ക്കുവേണ്ടി ഏര്‍പ്പെടുത്തിയിട്ടുള്ള പ്രസിഡന്‍ഷ്യല്‍ അക്കാഡമിക്‌ എക്‌സലന്‍സ്‌ അവാര്‍ഡ്‌ ഗുഡ്‌വിന്‍ ഫ്രാന്‍സീസ്‌ വടക്കേവീട്‌ കരസ്ഥമാക്കി. അമേരിക്കന്‍ പ്രസിഡന്റിന്റേയും, വിദ്യാഭ്യാസ വകുപ്പിന്റേയും കൈയൊപ്പോടുകൂടിയ സര്‍ട്ടിഫിക്കറ്റും `അമേരിക്കന്‍ പ്രസിഡന്റ്‌-എഡ്യൂക്കേഷണല്‍ എക്‌സലന്‍സ്‌ അവാര്‍ഡ്‌' എന്ന്‌ ആലേഖനം ചെയ്‌ത മെഡലുമാണ്‌ അവാര്‍ഡിന്‌ അര്‍ഹരാകുന്നവരെ ആദരിക്കുന്നതിനും വേണ്ടി കൊടുക്കുന്നത്‌.

ഈ അവാര്‍ഡിന്‌ അര്‍ഹതനേടുന്നതിന്‌ അഞ്ചാം ഗ്രേഡില്‍ 90 ശതമാനത്തില്‍ കൂടുതല്‍ ശരാശരി ഗ്രേഡ്‌ പോയിന്റ്‌ നില ഉണ്ടായിരിക്കണം. കൂടാതെ എം.എ.പി, എസ്‌.എ.റ്റി എന്നീ അമേരിക്കന്‍ ദേശീയ ടെസ്റ്റിലും റീഡിംഗ്‌, റൈറ്റിംഗ്‌, മാത്ത്‌സ്‌, സോഷ്യല്‍ സ്റ്റഡീസ്‌, സയന്‍സ്‌ എന്നീ വിഷയങ്ങളില്‍ ഗ്രേഡ്‌ 85 ശതമാനത്തില്‍ കൂടുതല്‍ സ്‌കോര്‍ ചെയ്‌തിരിക്കണം.

അങ്ങനെ പഠനത്തില്‍ മികവുറ്റ പ്രകടനം കാഴ്‌ചവെയ്‌ക്കുന്ന വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി ഏര്‍പ്പെടുത്തിയിട്ടുള്ള ഈ അവാര്‍ഡ്‌. എന്നാല്‍ പഠനത്തില്‍ അതിസര്‍ത്ഥനായ ഗുഡ്‌വിന്‍ മേല്‍പ്പറഞ്ഞ മാനദണ്‌ഡങ്ങള്‍ക്കെല്ലാം ഉപരിയായ ഗ്രേഡ്‌ സ്‌കോര്‍ ചെയ്‌താണ്‌ അവാര്‍ഡിന്‌ അര്‍ഹനായത്‌.

സ്‌കോക്കി ജോണ്‍ മിഡില്‍ട്ടണ്‍ എലിമെന്ററി സ്‌കൂളില്‍ അഞ്ചാം ഗ്രേഡില്‍ പഠിക്കുന്ന ഗുഡ്‌വിന്‍, സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും മാതാപിതാക്കളുടേയും മറ്റ്‌ ക്ഷണിക്കപ്പെട്ട വിശിഷ്‌ടാതിഥികളുടേയും സാന്നിധ്യത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മിസ്‌ ഡോണാ ഓട്ടോയില്‍ നിന്നും സര്‍ട്ടിഫിക്കറ്റും മെഡലും ഏറ്റുവാങ്ങി.

പാഠ്യവിഷയങ്ങളിലെന്നപോലെ പാഠ്യേതര വിഷയങ്ങളിലും തനതായ വ്യക്തിമുദ്ര പതിപ്പിക്കുവാന്‍ ഗുഡ്‌വിന്‌ കഴിഞ്ഞിട്ടുണ്ട്‌. സ്‌കൂളിലെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ കാണിച്ച മികവാര്‍ന്ന പ്രവര്‍ത്തനങ്ങളേയും, കൈവരിച്ച നേട്ടങ്ങളേയും പരിഗണിച്ച്‌ അമേരിക്കന്‍ സിറ്റിസണ്‍ഷിപ്പ്‌ അവാര്‍ഡും ഗുഡ്‌വിന്‌ സമ്മാനിച്ചു. സ്റ്റുഡന്‍സ്‌ കൗണ്‍സിലിലും ഗുഡ്‌വിന്‍ അംഗമായിരുന്നു.

സ്‌കൂളില്‍ എല്ലാ വര്‍ഷാവസാനവും നടത്തിവരാറുള്ള ടാലന്റ്‌ ഷോയുടെ അവതാരകനായും ഗുഡ്‌വിന്‍ മികവുതെളിച്ചിച്ചു. മലയാള ഭാഷ ഭംഗിയായി കൈകാര്യം ചെയ്യുന്ന ഗുഡ്‌വിന്‍, ഈവര്‍ഷം ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ മലയാളം സ്‌കൂള്‍ നടത്തിയ മലയാളം വേര്‍ഡ്‌ ക്വിസ്‌ മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയിരുന്നു. ദൈവീക ഭക്തിയിലും മുമ്പന്തിയില്‍ നില്‍ക്കുന്ന ഈ കൊച്ചുമിടുക്കന്‍ സീറോ മലബാര്‍ കത്തീഡ്രലില്‍ അള്‍ത്താര ശുശ്രൂഷകനായി മലയാളം കുര്‍ബാനയില്‍ പങ്കെടുത്തുവരുന്നു.

സ്‌കോക്കി വില്ലേജില്‍ പ്രവര്‍ത്തിക്കുന്ന, സ്‌കോക്കി ഫൈന്‍ ആര്‍ട്‌സ്‌ കമ്മീഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സ്റ്റുഡന്റ്‌സ്‌ ഔട്ട്‌സ്റ്റാന്‍ഡിംഗ്‌ ആര്‍ട്ടിസ്റ്റ്‌ റെക്കഗ്‌നേഷന്‍ അവാര്‍ഡ്‌ രണ്ടുതവണ ഗുഡ്‌വിന്‍ കരസ്ഥമാക്കിയിട്ടുണ്ട്‌. സ്‌കൂളില്‍ ട്രംബറ്റ്‌ എന്ന സംഗീതോപകരണം ഏറ്റവും നന്നായി വായിക്കുന്ന വിദ്യാര്‍ത്ഥികളില്‍ ഒരുവനായ ഗുഡ്‌വിന്‍ കീബോര്‍ഡ്‌ വായനയിലും വിദഗ്‌ധനാണ്‌.

കുട്ടനാട്ടില്‍ പള്ളിക്കൂട്ടുമ്മ സ്വദേശിയും, സ്‌കോക്കിയില്‍ സ്ഥിരതാമസക്കാരനുമായ ഫ്രാന്‍സീസ്‌ - ഷീബാ വടക്കേവീട്‌ ദമ്പതികളുടെ മകനാണ്‌ ഗുഡ്‌വിന്‍. ജസ്റ്റീനയും ഗ്രേസിലിനും സഹോദരങ്ങളാണ്‌.
പ്രസിഡന്‍ഷ്യല്‍ അക്കാഡമിക്‌ എക്‌സലന്‍സ്‌ അവാര്‍ഡ്‌ ഗുഡ്‌വിന്‍ ഫ്രാന്‍സീസ്‌ വടക്കേവീടിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക