Image

സീറോ മലബാര്‍ സഭ അല്മായ സമ്മേളനങ്ങള്‍ ജൂലൈ 15 ന് ലണ്ടനില്‍ തുടക്കം

ഷൈജു ചാക്കോ Published on 21 June, 2011
സീറോ മലബാര്‍ സഭ അല്മായ സമ്മേളനങ്ങള്‍ ജൂലൈ 15 ന് ലണ്ടനില്‍ തുടക്കം

കൊച്ചി: സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്റെ ആഗോള അല്മായ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇംഗ്ലണ്ടിലും, സ്‌കോട്ട്‌ലന്റിലും, അയര്‍ലണ്ടിലും അല്മായ സമ്മേളനങ്ങള്‍ ജൂലൈ 15 മുതല്‍ 26 വരെ നടത്തുന്നതാണ്.
ജൂലൈ 15-ാം തിയതി ലണ്ടനിലെ ഹേത്രൂ വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കലിനും അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യനും യു.കെ.യിലെ സീറോ മലബാര്‍ സഭാ കോര്‍ഡിനേറ്റര്‍ ഫാ.തോമസ് പാറടിയിലിന്റെയും അല്മായ പ്രതിനിധികളുടെയും നേതൃത്വത്തില്‍ സ്വീകരണം നല്‍കും.
15 ന് ലണ്ടനിലും, 16 ന് മാഞ്ചസ്റ്ററിലും അല്മായ പ്രതിനിധി സമ്മേളനവും തുടര്‍ന്ന് 17-ാം തീയതി വാല്‍സിങ്ങാമില്‍ നടക്കുന്ന സീറോ മലബാര്‍ സഭ മരിയതീര്‍ത്ഥാടനത്തോടനുബന്ധിച്ച് അല്മായ സന്ദര്‍ശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനവും നടക്കും. വാല്‍സിങ്ങാമിലെ ഫ്രൈഡേ മാര്‍ക്കറ്റ് ചാപ്പലില്‍ നിന്നും ആരംഭിക്കുന്ന തീര്‍ത്ഥാടനം സ്ലീപ്പര്‍ ചാപ്പലില്‍ എത്തിച്ചേരുന്നതും അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ സമൂഹബലിയും നടത്തപ്പെടും. ഫാ.മാത്യു വണ്ടാനക്കുന്നേല്‍ നേതൃത്വം നല്‍കും. ജൂലൈ 18 ന് തിങ്കളാഴ്ച കേംബ്രിഡ്ജില്‍ അല്മായ സമ്മേളനം നടക്കും. 19-ാം തീയതി ഇംഗ്ലണ്ടിലെ കത്തോലിക്കാ സഭാധ്യക്ഷന്മാര്‍, ഗവണ്‍മെന്റ് അധികൃതര്‍ എന്നിവരുമായി മാര്‍ അറയ്ക്കല്‍ കൂടിക്കാഴ്ച നടത്തും.
ജൂലൈ 20,21,22 തീയതികളില്‍ സ്‌കോട്ട്‌ലന്റില്‍ അല്മായ സമ്മേളനങ്ങള്‍ നടക്കും. ഫാ.ജോയി ചേറാടില്‍, ഫാ.സെബാസ്റ്റ്യന്‍ കല്ലത്ത്, അല്മായ പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് ഗ്ലാസ്‌ഗോയില്‍ മാര്‍ അറയ്ക്കലിനെയും, അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യനെയും സ്വീകരിക്കും. വിവിധ കേന്ദ്രങ്ങളിലെ ഔദ്യോഗിക സന്ദര്‍ശനവുമുണ്ടാകും.
അയര്‍ലണ്ടില്‍ ജൂലൈ 24 ന് ഞായറാഴ്ച ദിവ്യബലിയോടെ അല്മായ സമ്മേളനങ്ങള്‍ക്ക് തുടക്കമാകും. ഫാ.മാത്യു അറയ്ക്കപ്പറമ്പിലിന്റെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ സജീവമാകുന്നു. ജൂലൈ 25,26 എന്നീ ദിവസങ്ങളിലെ ഔദ്യോഗിക സന്ദര്‍ശനത്തോടെ അല്മായ സന്ദര്‍ശനവും, സമ്മേളനങ്ങളും സമാപിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക