|
|
സൊഹ്‌റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ വധക്കേസിന്റെ വിചാരണ ഗുജറാത്തിന് പുറത്ത് നടത്തണമെന്ന് സി.ബി.ഐ. സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടതിനെ മുഖ്യമന്ത്രി നരേന്ദ്ര മോഡി രൂക്ഷമായി വിമര്‍ശിച്ചു. സംസ്ഥാനത്തെ നീതിന്യായ സംവിധാനത്തോടുള്ള അവഹേളനമാണതെന്ന് അഹമ്മദാബാദിലെ ഒരു ചടങ്ങില്‍ മോഡി പറഞ്ഞു. ''ഗുജറാത്തിനെ ഏതെങ്കിലും ശത്രുരാജ്യത്തിന്റെ ഭാഗമായാണോ കേന്ദ്ര സര്‍ക്കാറും സി.ബി.ഐ.യും കാണുന്നത് ? ഇന്ത്യയുടെ ഭാഗമായി ഇവര്‍ ഗുജറാത്തിനെ കണക്കാക്കുന്നില്ലേ ?''- മോഡി ചോദിച്ചു.
''എട്ട് കൊല്ലമായി ഇവര്‍ എന്റെ പേര് ചീത്തയാക്കാന്‍ ശ്രമിക്കുകയാണ്. ഇപ്പോള്‍ സംസ്ഥാനത്തെ നീതിന്യായ വ്യവസ്ഥയെയും അപകീര്‍ത്തിപ്പെടുത്താന്‍ നോക്കുന്നു. ഇത് ഞാന്‍ അനുവദിക്കില്ല. ഗുജറാത്തിലെ ജഡ്ജിമാരും അഭിഭാഷകരുമൊക്കെ ഒന്നിനും കൊള്ളാത്തവരാണോ ? ഗുജറാത്തിലെ കോടതികള്‍ മോശവും ബാക്കിയൊക്കെ കേമവുമാണെന്നാണോ?''- മോഡി ചോദിച്ചു.
ബെസ്റ്റ് ബേക്കറി കേസില്‍ വിചാരണ മുംബൈയിലേക്ക് മാറ്റിയതിനെപ്പറ്റി മോഡി പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ''വിചാരണ മാത്രമാണ് മാറ്റിയത്, അന്വേഷണം നടത്തിയത് ഗുജറാത്ത് പോലീസ് തന്നെ. അവര്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാ പ്രതികളെയും ശിക്ഷിച്ചു''- മോഡി ചൂണ്ടിക്കാട്ടി. ''ബില്‍ക്കീസ് ബാനു കേസില്‍ വിചാരണ ഗുജറാത്തിന് പുറത്തേക്ക് മാറ്റി. കേസ് സി.ബി.ഐ.യെ ഏല്പിച്ചു. പക്ഷേ, ഗുജറാത്ത് പോലീസിന്റെ കുറ്റപത്രത്തില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ തന്നെയാണ് ഒടുവില്‍ ശിക്ഷിക്കപ്പെട്ടത്; ഒരാളൊഴികെ''- മോഡി പറഞ്ഞു.
അതേസമയം, സൊഹ്‌റാബുദ്ദീന്‍ കേസ് അന്വേഷിച്ച ഗുജറാത്ത് പോലീസ് സംഘത്തിലെ ഇന്‍സ്‌പെക്ടര്‍ വി.എല്‍. സോളങ്കി അന്വേഷണസംഘം മുന്‍ മേധാവി ഐ.ജി. ഗീതാ ജോഹ്‌രിക്കും ആഭ്യന്തര സഹമന്ത്രി അമിത് ഷായ്ക്കുമെതിരെ മൊഴി നല്കിയതായി അറിയുന്നു. അന്വേഷണത്തില്‍ താന്‍ കൈവരിച്ച പുരോഗതി അട്ടിമറിക്കാന്‍ ജോഹ്‌രിയും ഷായും ശ്രമിച്ചതായാണ് ഇന്‍സ്‌പെക്ടറുടെ മൊഴി. ഈ മൊഴിയെ അടിസ്ഥാനമാക്കിയാവും സി.ബി.ഐ. അടുത്തയാഴ്ച ജോഹ്‌രിയെ ചോദ്യം ചെയ്യുകയെന്നാണ് സൂചന.
കേന്ദ്രത്തിനും സി.ബി.ഐ.ക്കുമെതിരായ നരേന്ദ്ര മോഡിയുടെ പൊട്ടിത്തെറി വെറും നാടകമാണെന്ന് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട നൂറുകണക്കിന് കേസുകള്‍ സുപ്രീംകോടതി മഹാരാഷ്ട്രയിലേക്ക് മാറ്റിയപ്പോള്‍ മോഡിക്ക് അവഹേളിക്കപ്പെട്ടതായി തോന്നിയില്ലേ എന്ന് പാര്‍ട്ടി വക്താവ് അഭിഷേക് സിങ്‌വി ബാംഗ്ലൂരില്‍ പത്രസമ്മേളനത്തില്‍ ചോദിച്ചു. |
|
|
|
|
|
|
|
|
|
|
|